കറാച്ചി: വലിയ പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്(പിസിബി) കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടന്ന് പോകുന്നത്.സൂപ്പർ ടീമാണെന്ന് പാകിസ്താനെ പറയുമ്പോഴും സമീപകാല പ്രകടനങ്ങളെല്ലാം വളരെ മോശമായിരുന്നു.അവസാന ഐസിസി ടൂർണമെന്റുകളിലെല്ലാം മോശം പ്രകടനമാണ് പാകിസ്താൻ കാഴ്ചവെച്ചത്. ടീമിനുള്ളിലെ ആഭ്യന്തര കലഹവും സമീപകാലത്ത് പാകിസ്താൻ ടീമിന് വലിയ തലവേദനയായിരുന്നു.നിലവിൽ ബംഗ്ലാദേശിനെതിരേ പരമ്പര കളിക്കുകയാണ് പാകിസ്താൻ.
ഇനി ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് പാകിസ്താനെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ പാകിസ്താൻ ടീമിന് മുന്നിൽ വലിയൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മത്സരം സംപ്രേഷണം ചെയ്യാൻ വിതരണക്കാർ തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ മത്സരം സംപ്രേഷണം ചെയ്യാൻ ആരും തയ്യാറാകുന്നില്ലെന്നും പരമ്പര ഒക്ടോബറിൽ ആരംഭിക്കാനിരിക്കെ പാക് ടീം പ്രതിസന്ധിയിലാണെന്നുമാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിലാണ് പരമ്പര നടക്കുന്നത്. ഏതെങ്കിലും ബ്രോഡ്കാസ്‌റ്റേഴ്‌സിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. എന്നാൽ ഇംഗ്ലണ്ടിലെ ആരാധകർ പാകിസ്താന്റെ മത്സരം കാണാൻ വലിയ താൽപര്യം കാട്ടിയേക്കില്ല. അതുകൊണ്ടുതന്നെ പ്രമുഖ ചാനലുകളെല്ലാം പാകിസ്താൻ ക്രിക്കറ്റ് ടീമിനെ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് പറയാം. എന്തായാലും പാകിസ്താൻ ക്രിക്കറ്റ് ടീമിന് മുന്നിൽ വലിയ വെല്ലുവിളിയാണുള്ളത്.
പാകിസ്താൻ ടീമിനുള്ളിലെ പ്രശ്‌നങ്ങൾ ടീമിന്റെ പ്രകടനത്തെ പിന്നോട്ടടിക്കുകയാണ്. സമീപകാലത്തെ ഐസിസി ടൂർണമെന്റുകളിലെല്ലാം ടീം നിരാശപ്പെടുത്തി. ബാബർ അസമിന് കീഴിൽ അവസാന ടി20 ലോകകപ്പ് കളിച്ച പാകിസ്താൻ അരങ്ങേറ്റക്കാരായ അമേരിക്കയോട് പോലും തോറ്റു. ടീം തിരഞ്ഞെടുപ്പിലടക്കം പിഴവ് സംഭവിച്ചുവെന്ന വിമർശനം പല ഭാഗത്ത് നിന്നും ഉയർന്നു. മികച്ച താരനിരയുണ്ടായിട്ടും മികച്ച പ്രകടനത്തിലേക്കെത്താൻ പാകിസ്താന് സാധിക്കാതെ പോകുന്നു.
പാകിസ്താന് മുന്നിലുള്ള വലിയ വെല്ലുവിളി വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ്. പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയരാവാൻ പോകുന്നത്. കപ്പിലേക്കെത്താൻ സാധിച്ചാൽ പഴയ പ്രധാപത്തിലേക്ക് പാകിസ്താന് തിരിച്ചെത്താനാവും. അല്ലാത്ത പക്ഷം വലിയ തിരിച്ചടി ടീമിന് നേരിടേണ്ടി വരും. എന്നാൽ പാകിസ്താനിലെ സ്റ്റേഡിയങ്ങളുടെ അറ്റകുറ്റ പണികൾ വലിയ പ്രതിസന്ധിയിലാണെന്നാണ് വിവരം. പ്രധാനപ്പെട്ട രണ്ട സ്റ്റേഡിയങ്ങളിലും ഇപ്പോഴും പണികൾ ബാക്കിയാണ്.
പാകിസ്താനിൽ മത്സരംവെച്ചാൽ ഇന്ത്യ കളിക്കില്ലെന്നാണ് ബിസിസി ഐയുടെ നിലപാട്. എന്നാൽ പാകിസ്താനിലേ മത്സരം നടത്തൂവെന്നാണ് പിസിബി പറയുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതിസന്ധിയാണ് പിസിബിക്ക് മുന്നിലുള്ളത്. കാരണം ഇന്ത്യ കളിക്കാതിരുന്നാൽ പാകിസ്താനെയത് സാമ്പത്തികമായി തളർത്തും. വലിയ സാമ്പത്തിക നഷ്ടം ഇതുമൂലം പാകിസ്താനുണ്ടാവും. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കാതിരുന്നാൽ പ്രധാനപ്പെട്ട ചാനലുകളൊന്നും തത്സമയ സംപ്രേഷണം ഏറ്റെടുക്കില്ല.
കൂടാതെ പരസ്യത്തിലും സ്‌പോൺസർമാരിലും വലിയ കുറവുണ്ടാകും. അതുകൊണ്ടൊക്കെ തന്നെ എന്ത് വിലകൊടുത്തും ഇന്ത്യയെ പങ്കെടുപ്പിക്കേണ്ടത് പാകിസ്താന്റെ ആവശ്യമാണ്. ഇന്ത്യൻ ടീം ആവശ്യപ്പെടുന്നത് പ്രകാരം ശ്രീലങ്കയിലോ ദുബായിലോ ചാമ്പ്യൻസ് ട്രോഫി നടത്തണം. എന്നാൽ ഇതിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തയ്യാറല്ല. അതുകൊണ്ടുതന്നെ തർക്കം ഐസിസിയിലേക്ക് വരെ എത്തിയിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല.
പാകിസ്താൻ ടീമിന്റെ പ്രധാന പ്രശ്‌നം ടീമിനുള്ളിലെ ഒത്തൊരുമ ഇല്ലായ്മയാണ്. ബാബർ അസമിന് കീഴിൽ കളിക്കാൻ പാകിസ്താൻ താരങ്ങൾക്ക് താൽപര്യമില്ല. ഷഹീൻ ഷാ അഫ്രീദി പാകിസ്താൻ പരിശീലകനായ ഗാരി കേഴ്സ്റ്റനെ ബഹുമാനിക്കാതിരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തതടക്കമുള്ള കാര്യം കേഴ്സ്റ്റൻ തന്നെ വെളിപ്പെടുത്തിയിരുന്നു.പാകിസ്താൻ ടീമിനെ ഒത്തിണക്കത്തിലേക്കെത്തിക്കുകയും മികച്ച ടീം കരുത്തിലേക്കെത്തിക്കുകയും ചെയ്താൽ ഏത് വമ്പന്മാരേയും വീഴ്ത്താനുള്ള കഴിവ് പാക് ടീമിനുണ്ടെന്ന് പറയാം. എന്തായാലും നിലവിലെ ടീമിന്റെ അവസ്ഥ ആരാധകർക്ക് നിരാശയുണ്ടാക്കുന്നതാണ്.