കൊൽക്കത്ത: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ എക്സിലൂടെയാണ് ടീം ലിസ്റ്റ് പുറത്തുവിട്ടത്.സുനിൽ ഛേത്രി തന്നെയാണ് ടീമിനെ നയിക്കുന്നത്.എന്നാൽ ഇത്തവണ മലയാളി താരം സഹൽ അബ്ദുൾ സമദിന് ടീമിൽ ഇടംനേടാനായില്ല.ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി മെയ് 10 മുതൽ ഭുവനേശ്വറിൽ നടക്കുന്ന പരിശീലന ക്യാംപിലേക്ക് തെരഞ്ഞെടുത്ത 26 അംഗ ടീമിൽ നിന്നാണ് സഹൽ പുറത്തായത്.സഹലിന് പുറമെ അനിരുദ്ധ് ഥാപ്പ, സുഭാശിഷ് ബോസ് എന്നിവരും പുറത്തായി.
ജൂൺ 6ന് കൊൽക്കത്തയിൽ കുവൈറ്റിനെതിരെയും 11ന് ദോഹയിൽ ഖത്തറിനെതിരെയുമാണ് ഇന്ത്യ യോഗ്യതാ മത്സരങ്ങൾ കളിക്കുന്നത്.ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാൻ കൂടിയുള്ള ഗ്രൂപ്പ് എയിൽ നിലവിൽ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.നിലവിൽ അശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ടിലെത്താനാൻ സാധിക്കൂ.
മാർച്ചിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റത് ഇന്ത്യന്യുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു.ഇതോടെ സ്റ്റിമാക്കിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഏപ്രിൽ നാലിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സ്റ്റിമാക്കിനെ യോഗ്യതാ മത്സരങ്ങൾ പൂർത്തിയാവുന്നതുവരെ തുടരാൻ അനുവദിക്കുകയായിരുന്നു.
ഇന്ത്യൻ ടീം
ഗോൾ കീപ്പർമാർ:ഗുർപ്രീത് സിംഗ് സന്ധു,അമരീന്ദർ സിംഗ്,
ഡിഫൻഡർമാർ:നിഖിൽ പൂജാരി,റോഷൻ സിംഗ് നൗറെം, ലാൽചുങ്‌നുംഗ,അമേ ഗണേഷ് റണവാഡെ,നരേന്ദർ മുഹമ്മദ് ഹമ്മദ്,ജയ് ഗുപ്ത.
മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, മുഹമ്മദ് യാസിർ,എഡ്മണ്ട് ലാൽറിൻഡിക,ഇമ്രാൻ ഖാൻ,ജീക്‌സൺ സിംഗ്, വിബിൻ മോഹനൻ, രാഹുൽ കണ്ണോളി പ്രവീൺ, മഹേഷ് സിംഗ് നൗറെം, സുരേഷ് സിംഗ് വാങ്ജാം, നന്ദകുമാർ ശേഖർ, ഐസക് വൻലാൽറുഅത്ഫെല.
ഫോർവേർഡുകൾ: സുനിൽ ഛേത്രി,റഹീം അലി,ജിതിൻ എം.എസ്,ഡേവിഡ് ലാൽലൻസംഗ, പാർത്ഥിബ് ഗോഗോയ്,ലാൽറിൻസുവാല ഹവ്നർ.