ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നതിനേക്കാൾ മറ്റൊരു ബഹുമതിയില്ല; ഗൗതം ഗംഭീർ

ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ മെഡിയോർ ഹോസ്പിറ്റലിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് ഗൗതം ഇക്കാര്യം വെളിപ്പെടുത്തിയത്.

author-image
Greeshma Rakesh
New Update
gautam

no bigger honour than coaching our national team says gautam gambhir

Listen to this article
0.75x 1x 1.5x
00:00 / 00:00

അബുദാബി: ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നതിനേക്കാൾ മറ്റൊരു ബഹുമതിയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യൻ പാർലമെൻ്റ് അംഗവുമായ ഗൗതം ഗംഭീർ.ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ മെഡിയോർ ഹോസ്പിറ്റലിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് ഗൗതം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീറിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് കുട്ടികളുമായുള്ള സംവാദത്തിനിടെ താരത്തിന്റെ ആദ്യ പ്രതികരണം.

“പലരും ഇതേപ്പറ്റി ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോൾ കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയാമെന്നു കരുതുന്നു. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ നമ്മൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നത്,” ഗംഭീർ പ്രതികരിച്ചു.

ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “140 കോടി ഇന്ത്യക്കാരാണ് ഇന്ത്യയെ ലോകകപ്പ് വിജയിപ്പിക്കാൻ സഹായിക്കുന്നത്. ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിച്ചു കളിക്കുമ്പോൾ, എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇന്ത്യ ലോകകപ്പ് നേടും. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം നിർഭയരായിരിക്കുക എന്നതാണ്.”

യുഎഇയിൽ വ്യക്തിപരമായ സന്ദർശനത്തിനെത്തിയ ക്രിക്കറ്റ് താരം, ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള അബുദാബിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഫാമിലി ആശുപത്രിയായ മെഡിയോർ ഹോസ്പിറ്റലിലെ സ്‌പോർട്‌സ് മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റ് സന്ദർശിച്ച് ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് വിദഗ്ധരുമായി സംവദിച്ചു.

2007 ലെ ഐസിസി വേൾഡ് ട്വൻ്റി 20, 2011 ഐസിസി ക്രിക്കറ്റ് ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിലെ പ്രധാന അംഗമായിരുന്നു ഗംഭീർ. ഐപിഎൽ ഫ്രാഞ്ചൈസിയിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (KKR) പരിശീലകനായി തിരിച്ചെത്തിയ അദ്ദേഹം ടീമിന് മികച്ച വിജയം നേടിക്കൊടുത്തിരുന്നു.

“സുരക്ഷിതമായ ഡ്രസ്സിംഗ് റൂം സന്തോഷകരമായ ഡ്രസ്സിംഗ് റൂം ആണ്, സന്തോഷകരമായ ഡ്രസ്സിംഗ് റൂം വിജയിക്കുന്ന ഡ്രസ്സിംഗ് റൂമായി മാറുന്നു. KKR-ൽ ഞാൻ ചെയ്ത ഒരേയൊരു കാര്യം ഇതാണ്. ദൈവകൃപയാൽ അത് ഗുണം ചെയ്തു,” വിജയത്തെക്കുറിച് അദ്ദേഹം പറഞ്ഞു.

വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങളോട് സ്പോർട്സ്മാൻഷിപ്, കഠിനാധ്വാനം, അച്ചടക്കം, പാഷൻ എന്നിവയുടെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. “സ്പോർട്സ്മാൻഷിപ്പ് നിങ്ങളെ അച്ചടക്കവും എല്ലാവരെയും ജൂനിയർ-സീനിയർ അല്ലെങ്കിൽ അന്തർദ്ദേശീയ-ആഭ്യന്തര വ്യത്യാസമില്ലാതെ കാണാനും പഠിപ്പിക്കും. ക്രിക്കറ്റിൽ നിങ്ങൾക്ക് തനിയെ വിജയിക്കാൻ സാധിക്കില്ല. നിങ്ങളുടെ ടീമിനെ കുടുംബമായി പരിഗണിക്കുക, ”അദ്ദേഹം പറഞ്ഞു.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മെഡിയോർ ഹോസ്പിറ്റലിലെ സമഗ്രമായ സ്‌പോർട്‌സ് മെഡിസിൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായിരുന്നു ഗംഭീറിന്റെ ആശയവിനിമയം. ബുർജീൽ ഹോൾഡിംഗ്‌സിന്റെ ഗ്രൂപ്പ് സിഒഒ സഫീർ അഹമ്മദ് സ്‌പോർട് മെഡിസിൻ വിദഗ്ദൻ ഷിബു വർഗീസ് തുടങ്ങിയവർ ഗംഭീറിനെ സന്ദർശന വേളയിൽ അനുഗമിച്ചു.

 

ICC Men’s T20 World Cup Indian Cricket Team Head Coach Gautam Gambhir cricket