പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷം കളത്തിനു പുറത്തിരുന്ന ശേഷം തിരികെ കളത്തിലെത്തി രണ്ടാം മത്സരത്തില്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എസ്‌റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മര്‍ പരുക്കേറ്റ് കളംവിട്ടത്. മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ സൗദി ക്ലബ് അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കിയെങ്കിലും നെയ്മറിന് വീണ്ടും പരുക്കേറ്റത് ആരാധകരെ ആശങ്കയിലാഴ്ത്തി.
കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ ഒരു വര്‍ഷം നീണ്ട വിശ്രമത്തിനൊടുവിലാണ് കഴിഞ്ഞ മാസം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. അല്‍ എയ്‌നെതിരെ നടന്ന എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ പകരക്കാരനായി കളത്തിലെത്തിയാണ് നെയ്മര്‍ തിരിച്ചുവന്നത്. അതിനു ശേഷം താരം കളിക്കുന്ന രണ്ടാം മത്സരമാണിത്.
എസ്‌റ്റെഗ്ലാല്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് നെയ്മര്‍ കളത്തിലിറങ്ങിയതെങ്കിലും മത്സരം തീരുന്നതിന് മുന്‍പ് മൈതാനം വിട്ടു. വെറും 29 മിനിറ്റു മാത്രമാണ് നെയ്മര്‍ കളത്തിലുണ്ടായിരുന്നത്. 58ാം മിനിറ്റില്‍ കളത്തിലെത്തിയ നെയ്മര്‍ 87ാം മിനിറ്റില്‍ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഒരു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്‌റ്റെഗ്ലല്‍ എഫ്‌സിയെ അല്‍ ഹിലാല്‍ തോല്‍പ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്‌സാണ്ടര്‍ മിട്രോവിച്ച് ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ ഹിലാല്‍.
നെയ്മറിനു വീണ്ടും പരുക്ക്
പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷം കളത്തിനു പുറത്തിരുന്ന ശേഷം തിരികെ കളത്തിലെത്തി രണ്ടാം മത്സരത്തില്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്.
New Update