വാങ്കഡെയില്‍ നാണംകെട്ട് ഇന്ത്യ, കിവീസിന് 25 റണ്‍സ് വിജയം

ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളെല്ലാം തോല്‍ക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് അര്‍ധ സെഞ്ചറി നേടി

author-image
Athira Kalarikkal
New Update
india new

പരമ്പര തൂത്തുവാരിയ ന്യൂസിലന്‍ഡ് ടീമിന്റെ ആഹ്ലാദം

മുംബൈ : മുംബൈയില്‍ പരമ്പര സ്വന്തമാക്കാനാകാതെ ഇന്ത്യ. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 121 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായി.  25 റണ്‍സ് വിജയത്തോടെ ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കി. ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളെല്ലാം തോല്‍ക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. വൈറ്റ് വാഷ് ഒഴിവാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് അര്‍ധ സെഞ്ചറി നേടിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 57 പന്തുകള്‍ നേരിട്ട താരം 64 റണ്‍സെടുത്തു പുറത്തായി. 

മൂന്നാം ദിവസം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 29 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (11 പന്തില്‍ 11), യശസ്വി ജയ്‌സ്വാള്‍ (16 പന്തില്‍ അഞ്ച്), ശുഭ്മന്‍ ഗില്‍ (ഒന്ന്), വിരാട് കോലി (ഒന്ന്), സര്‍ഫറാസ് ഖാന്‍ (ഒന്ന്) എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായി മടങ്ങിയത്. രവീന്ദ്ര ജഡേജ (22 പന്തില്‍ ആറ്), വാഷിങ്ടന്‍ സുന്ദര്‍ (69 പന്തില്‍ 12), ആര്‍. അശ്വിന്‍ (29 പന്തില്‍ എട്ട്) എന്നിവരും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി.

സ്‌കോര്‍ 13ല്‍ നില്‍ക്കെ മാറ്റ് ഹെന്റിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. ഗില്ലും കോലിയും അജാസ് പട്ടേലിന്റെ പന്തില്‍ പുറത്തായി മടങ്ങി. യശസ്വി ജയ്‌സ്വാളിനെ ഫിലിപ്‌സ് എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ രചിന്‍ രവീന്ദ്ര ക്യാച്ചെടുത്തു പുറത്താക്കി. 

ഋഷഭ് പന്ത് തകര്‍ത്തടിച്ചതോടെ ഇന്ത്യ 100 കടന്നു. ഒരു സിക്‌സും ഒന്‍പതു ഫോറുകളുമാണ് ഋഷഭ് പന്ത് ബൗണ്ടറി കടത്തിയത്. വിജയപ്രതീക്ഷയില്‍ നില്‍ക്കെ പന്തിനെ അജാസ് പട്ടേല്‍ പുറത്താക്കിയത് കളിയില്‍ നിര്‍ണായകമായി. പിന്നാലെയെത്തിയവര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതിരുന്നതോടെ ഇന്ത്യ മൂന്നാം തോല്‍വിയിലേക്കു വീണു. രണ്ടാം ഇന്നിങ്‌സില്‍ കിവീസിനായി അജാസ് പട്ടേല്‍ ആറു വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്നാം ദിവസം 45.5 ഓവറില്‍ 174 റണ്‍സെടുത്ത് ന്യൂസീലന്‍ഡ് പുറത്തായി. രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. മുംബൈ ടെസ്റ്റില്‍ 10 വിക്കറ്റുകളാണ് ജഡേജ എറിഞ്ഞിട്ടത്. വില്‍ യങ് അര്‍ധ സെഞ്ചറി നേടി. 

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രോഹിത് 

 ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ക്യാപ്റ്റനെന്ന നിലയില്‍ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും, മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെന്നും രോഹിത് ശര്‍മ. 'ബെംഗളൂരു ടെസ്റ്റിലെ ടോസ് മുതല്‍ തന്നെ ഒരുപാടു പിഴവുകള്‍ സംഭവിച്ചു. പരമ്പരയിലാകെ അതു തുടര്‍ന്നു. ഞാന്‍ ഏറ്റവും മികച്ച പ്രകടനമല്ല നടത്തിയത്. അതാണു പരമ്പര നഷ്ടമാകാന്‍ കാരണമായത്.'

 

india india vs newzealand