ഗോള്‍ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പരാജയത്തിലേക്ക് അടുക്കുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ 199-5 എന്ന നിലയില്‍. ഇപ്പോഴും അവര്‍ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറിന് 315 റണ്‍സിന് പിറകിലാണ്. 47 റണ്‍സുമായി ബ്ലണ്ടലും 32 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും ആണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്. 61 റണ്‍സ് എടുത്ത കോണ്വേ, 46 റണ്‍സ് എടുത്ത കെയ്ന്‍ വില്യംസണ്‍, 12 റണ്‍സ് എടുത്ത രചിന്‍ രവീന്ദ്ര, മിച്ചല്‍ 1, ലാഥം 0 എന്നിവരുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്.
രണ്ടാം ഇന്നിങ്‌സില്‍ നിഷാന്‍ പെരിസ് 3 വിക്കറ്റും പ്രഭാത് ജയസൂര്യയും ധനഞ്ചയയ്യ്ം 1 വിക്കറ്റുവീതവും വീഴ്ത്തി. നേരത്തെ, ശനിയാഴ്ച രാവിലെ 22/2 എന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ബ്ലാക്ക്ക്യാപ്സ്, ആദ്യ സെഷനില്‍ 66 റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ അവരുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോറായിരുന്നു ഇത്.
ശ്രീലങ്ക രണ്ടാം ദിനം വൈകി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഇടങ്കയ്യന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യ ഒരിക്കല്‍ക്കൂടി തിളങ്ങി. ജയസൂര്യ 42 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തി, വെറും 16 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് അദ്ദേഹം നേടുന്നത്. നിഷാന്‍ പീരിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നല്‍കി.
ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് ന്യൂസിലന്‍ഡ് 100ല്‍ താഴെ റണ്‍സിന് ശ്രീലങ്കയോട് പുറത്താകുന്നത്. കെയ്ന്‍ വില്യംസണും ഡെവണ്‍ കോണ്‍വേയും ഉള്‍പ്പെടെയുള്ള അവരുടെ ടോപ്പ് ഓര്‍ഡര്‍ ജയസൂര്യയുടെ സ്പിന്നിനെ ചെറുക്കാന്‍ പാടുപെട്ടു, ബാറ്റര്‍മാരാരും കാര്യമായ സ്‌കോറുകളില്‍ എത്തിയില്ല. 51 പന്തില്‍ 29 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നര്‍ മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്.
ടെസ്റ്റ് കളറാക്കി കമിന്ദു
ആദ്യ ഇന്നിങ്‌സിലെ സെഞ്ചറി നേട്ടത്തോടെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്ന് 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍മാരില്‍ രണ്ടാമനായി ശ്രീലങ്കന്‍ താരം കമിന്ദു. ഈ റെക്കോര്‍ഡില്‍ ഇരുപത്തിയഞ്ചുകാരന്‍ ലങ്കന്‍ താരത്തിന് ഒപ്പമുള്ളതാവട്ടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനും. കമിന്ദുവും ബ്രാഡ്മാനും 13 ഇന്നിങ്‌സുകളില്‍നിന്ന് 1000 റണ്‍സ് തികച്ചപ്പോള്‍ 12 ഇന്നിങ്‌സുകളില്‍ 1000 റണ്‍സ് പിന്നിട്ട മുന്‍ ഇംഗ്ലണ്ട് താരം ഹെര്‍ബെട്ട് സറ്റ്ക്ലിഫ്, മുന്‍ വെസ്റ്റിന്‍ഡീസ് താരം എവര്‍ട്ടന്‍ വീക്‌സ് എന്നിവരാണ് പട്ടികയില്‍ ഒന്നാമത്. എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന കമിന്ദു ഇതിനോടകം 5 സെഞ്ചറിയും 4 അര്‍ധ സെഞ്ചറിയും നേടിക്കഴിഞ്ഞു.