ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ 76 റണ്‍സിന്റെ വിജയവുമായി സന്ദര്‍ശകര്‍ തിരിച്ചടിച്ചിരുന്നു. പരമ്പര വിജയികളെ തീരുമാനിക്കുന്ന അവസാന അങ്കത്തില്‍ വിജയം പിടിച്ചെടുത്താണ് ഹര്‍മന്‍പ്രീത് കൗറും സംഘവും പരമ്പര സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച കിവികളെ 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെയും അര്‍ധ സെഞ്ച്വറിയുമായി നയിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും കിടിലന്‍ ഇന്നിങ്‌സിന്റെ മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി ദീപ്തി ശര്‍മയും നിര്‍ണായക പ്രകടനം കാഴ്ചവെച്ചു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് വനിതകള്‍ ഒരു പന്തു മാത്രം ബാക്കിനില്‍ക്കെയാണ് 232 റണ്‍സിന് ഓള്‍ഔട്ടായത്. കിവീസിന് വേണ്ടി ബ്രൂക് ഹാലിഡേ അര്‍ധസെഞ്ചറി നേടി തിളങ്ങി. 96 പന്തില്‍ ഒന്‍പത് ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പടെ 86 റണ്‍സെടുത്ത ഹാലിഡേയാണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍.
67 പന്തില്‍ 39 റണ്‍സെടുത്ത ഓപണര്‍ ജോര്‍ജിയ പ്ലിമര്‍, 19 പന്തില്‍ 15 റണ്‍സെടുത്ത മാഡി ഗ്രീന്‍, 49 പന്തില്‍ 25 റണ്‍സെടുത്ത ഇസബെല്ല ഗെയ്‌സ്, 14 പന്തില്‍ പുറത്താകാതെ 24 റണ്‍സെടുത്ത ലീ തഹൂഹു എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍ സൂസി ബെയ്റ്റ്‌സ് (14 പന്തില്‍ നാല്), ലൗറന്‍ ഡോണ്‍ (അഞ്ച് പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (11 പന്തില്‍ ഒന്‍പത്), ഹന്ന റോ (18 പന്തില്‍ 11), ഈഡന്‍ കാര്‍സന്‍ (മൂന്നു പന്തില്‍ രണ്ട്), ഫ്രാന്‍ ജൊനാസ് (നാലു പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രേണുക താക്കൂര്‍ സിങ്, സൈമ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന സെഞ്ച്വറി നേടി. 122 പന്തില്‍ 100 റണ്‍സ് നേടിയ മന്ദാനയാണ് മത്സരത്തിലെ താരം. ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറി നേടി. 63 പന്തില്‍ പുറത്താകാതെ ആറ് ബൗണ്ടറിയടക്കം 59 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. യാസ്തിക ഭാട്ടിയ (35), ജെമീമ റോഡ്രിഗസ് (22), ഷഫാലി വര്‍മ (12), എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.
സ്മൃതിയുടെ സെഞ്ചുറിക്കരുത്തില്‍ വീണ് ന്യൂസിലന്‍ഡ്; ഇന്ത്യക്ക് പരമ്പര
സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെയും അര്‍ധ സെഞ്ച്വറിയുമായി നയിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും കിടിലന്‍ ഇന്നിങ്‌സിന്റെ മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
New Update