പുണെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്ന് ന്യൂസീലന്‍ഡ്. ആദ്യ ഇന്നിംഗ്‌സില്‍ സന്ദര്‍ശകര്‍ 259 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിനു പുറത്തായി. നേരത്തെ 59 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ മാസ്മരിക സ്പിന്‍ ബോളിംഗിനു മുന്നില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിര കറങ്ങിവീഴുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും തിളങ്ങി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് സ്‌കോര്‍ 32 ല്‍ നില്‍ക്കേയാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 15 റണ്‍സെടുത്ത നായകന്‍ ടോം ലാതത്തെ അശ്വിന്‍ പുറത്താക്കി. പിന്നീട് ക്രീസിലിറങ്ങിയ വില്‍ യങ്ങിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 18 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡേവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയുമാണ് കിവീസ് സ്‌കോര്‍ നൂറുകടത്തിയത്. ടീം 138 ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറി നേടിയ കോണ്‍വേയെയും(78)പുറത്താക്കി അശ്വിന്‍ കിവീസിനെ പ്രതിരോധത്തിലാക്കി. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്ത് പുറത്തായി.
ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങി തിരിച്ചുവരവിന് ഒരുങ്ങുന്ന ഇന്ത്യ മൂന്ന് മാറ്റങ്ങളോടെയാണ് പുണെയില്‍ കളിക്കാനിറങ്ങിയത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് പകരം ആകാശ്ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലിടം നേടി. കിവീസ് നിരയില്‍ പേസര്‍ മാറ്റ് ഹെന്റിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഇപ്പോഴും ഇന്ത്യതന്നെയാണ് മുന്നില്‍. എങ്കിലും ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഈ പരമ്പരയിലെ ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കണം. ഇതുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചുടെസ്റ്റ് കളിക്കും. അതോടെ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ചിത്രം തെളിയും.
ബെംഗളൂരു ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 402 റണ്‍സടിച്ചെങ്കിലും ആദ്യ ഇന്നിങ്‌സോടെതന്നെ മത്സരം കൈവിട്ട അവസ്ഥയിലായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം പാളിയെന്ന് ക്യാപ്റ്റന്‍ ഉള്‍പ്പെടെ സമ്മതിച്ചു. എങ്കിലും പരിചയസമ്പന്നരായ ബാറ്റര്‍മാര്‍ മികച്ച സ്‌കോര്‍ കണ്ടെത്താത്തത് വിമര്‍ശിക്കപ്പെട്ടു. വിരാട് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ (254) വന്നത് പുണെ പിച്ചിലാണ്.
വാഷിങ്ടണ്‍ സുന്ദറിനു മുന്നില്‍ നമിച്ച് ന്യൂസിലന്‍ഡ്
59 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ മാസ്മരിക സ്പിന്‍ ബോളിംഗിനു മുന്നില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിര കറങ്ങിവീഴുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും തിളങ്ങി.
New Update