ന്യൂസിലന്‍ഡ് 235ന് പുറത്ത്; ഇന്ത്യ വിയര്‍ക്കുന്നു

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 235 റണ്‍സിനു പുറത്താക്കാനായെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വീണ്ടും അടിതെറ്റുന്ന കാഴ്ചയാണ് കണ്ടത്.

author-image
Prana
New Update
ind nzld

ടെസ്റ്റ് പരമ്പരയിലെ അവസാനമത്സരത്തില്‍ ന്യൂസീലന്‍ഡ് ബാറ്റര്‍മാരെ സ്പിന്‍കെണിയില്‍ കുരുക്കി എളുപ്പത്തില്‍ പുറത്താക്കിയ ഇന്ത്യ പക്ഷെ ബാറ്റിംഗില്‍ വീണ്ടും തകരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 235 റണ്‍സിനു പുറത്താക്കാനായെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വീണ്ടും അടിതെറ്റുന്ന കാഴ്ചയാണ് കണ്ടത്. 86 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 18 റണ്‍സിനും യശസ്വി ജയ്‌സ്വാള്‍ 30 റണ്‍സിനു പുറത്തായതോടെ നൈറ്റ് വാച്ച്മാനായി എത്തിയ സിറാജിനെയും ന്യൂസിലന്‍ഡ് ബോളര്‍മാര്‍ എളുപ്പം മടക്കിയയച്ചു. തുടര്‍ന്നെത്തിയ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി നാലു റണ്‍സെടുത്തു നില്‍ക്കവെ റണ്ണൗട്ടായത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയായി. ഇന്നലെ കളി അവസാനിക്കുമ്പോള്‍ 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു റണ്ണെടുത്ത് റിഷഭ് പന്തുമാണ് ക്രീസില്‍. അജാസ് പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ രവീന്ദ്ര ജഡേജയുടേയും വാഷിങ്ടണ്‍ സുന്ദറിന്റേയും ആക്രമണത്തിന് മുന്നില്‍ പകച്ച ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 235ന് ഓള്‍ ഔട്ടായി. ജഡേജ അഞ്ചും വാഷിങ്ടണ്‍ സുന്ദര്‍ നാലും വിക്കറ്റുവീഴ്ത്തി. ഡാരില്‍ മിച്ചലും വില്‍ യങ്ങുമാണ് ന്യൂസീലന്‍ഡ് നിരയില്‍ ടോപ് സ്‌കോറര്‍മാര്‍. 129 പന്തുകള്‍ നേരിട്ട മിച്ചല്‍ മൂന്നുഫോറും മൂന്നു സിക്‌സുമടക്കം 82 റണ്‍സ് നേടി. 138 പന്തില്‍നിന്ന് 71 റണ്‍സ് നേടിയ വില്‍ യങ് നാലു ഫോറും രണ്ട് സിക്‌സും നേടി.
ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുംറ ഇല്ലാതെ ഇറങ്ങിയ ഇന്ത്യ മുഹമ്മദ് സിറാജിനൊപ്പം ആകാശ്ദീപിന് അവസരം നല്‍കി. 
ന്യൂസീലന്‍ഡ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. മിച്ച് സാന്റ്‌നെറും ടിം സൗത്തിയും ഇല്ല. പകരം മാറ്റ് ഹെന്റിയേയും ഇഷ് സോധിയും ടീമിലിടം നേടിയിട്ടുണ്ട്.

 

mumbai India vs New Zealand raveendra jadeja cricket test