മെഡല്‍ നേട്ടത്തിന് പിന്നാലെ പരസ്യ പ്രതിഫലം കുത്തനെ ഉയര്‍ത്തി നീരജ് ചോപ്ര

തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതോടെ നീരജിന്റെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ന്നു. 2024 അവസാനത്തിന് മുന്‍പായി നീരജിന്റെ പരസ്യ വരുമാനം 50 ശതമാനത്തോളം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

author-image
Vishnupriya
New Update
neeraj cho
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിനു പിന്നാലെ എന്‍ഡോഴ്‌സ്‌മെന്റുകള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ച് നീരജ് ചോപ്ര. മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് കോടി രൂപയില്‍ നാല്/ നാലരക്കോടി രൂപയിലേക്കാണ് നീരജ് പരസ്യ പ്രതിഫലം ഉയര്‍ത്തിയത്. കണക്കുകൾ പ്രകാരം ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യവരുമാനം വാങ്ങുന്ന സ്‌പോര്‍ട്‌സ് താരം നീരജ് ചോപ്രയാണ്.

തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതോടെ നീരജിന്റെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ന്നു. 2024 അവസാനത്തിന് മുന്‍പായി നീരജിന്റെ പരസ്യ വരുമാനം 50 ശതമാനത്തോളം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആര്‍മര്‍, ഒമേഗ പോലുള്ള ആഗോള ബ്രാന്‍ഡുകളുടെ പരസ്യ മുഖമാണ് നീരജ്. 24 വിഭാഗങ്ങളില്‍ നിന്നായി 21 ബ്രാന്‍ഡുകളില്‍നിന്ന് പ്രതിഫലം വാങ്ങുന്നുണ്ട്. 6-8 ബ്രാന്‍ഡുകളുമായി ഉടന്‍ കരാറിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 അവസാനിക്കുന്നതിനു മുന്‍പായി 32-34 ബ്രാന്‍ഡുകള്‍ നീരജിനുണ്ടാവുമെന്നാണ് നീരജിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ കൈകാര്യം ചെയ്യുന്ന ജെ.എസ്.ഡബ്ല്യു. അധികൃതര്‍ വ്യക്തമാക്കുന്നത്. 

ഒമേഗ, ഗില്ലറ്റ്, സാംസങ്, വിസ ബ്രാന്‍ഡുകള്‍ നിലവില്‍ നീരജുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം ബെറ്റിങ്, ഫാന്റസി ഗെയിമിങ്, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം, പാനീയം എന്നീ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കില്ലെന്ന് നീരജ് നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്. ഇതോടെ നിരവധി ക്രിക്കറ്റ് താരങ്ങളെ മറികടന്ന് മുന്നേറാനും നീരജിനാവും. 

neeraj chopra