പാരീസ് : പാരീസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഇന്ത്യയുടെ അത്‌ലറ്റിക്‌സ് സ്‌ക്വാഡ് ജാവലിന്‍ ത്രോയിലെ ലോക ചാമ്പ്യന്‍ നീരജ് ചോപ്ര നയിക്കും. ഇന്ത്‌യയുടെ 28 അംഗ ടീമാണ് നീരജ് ചോപ്ര നയിക്കുക. വരാനിരിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുവാനും ശ്രദ്ധ കേന്ദ്രീകരിക്കാനും നീരജ് ചോപ്ര ഡയമണ്‍ഡ് ലീഗില്‍ നിന്ന് പിന്മാറിയിരുന്നു.
17 പുരുഷന്മാരും 11 വനിതാ അത്ലറ്റുകളും അടങ്ങുന്ന ടീമില്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍മാരായ അവിനാഷ് സാബ്ലെ, തേജീന്ദര്‍പാല്‍ സിംഗ് ടൂര്‍, സ്പ്രിന്റ് ഹര്‍ഡലര്‍ ജ്യോതി യര്‍രാജി എന്നിവരുമുണ്ട്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന് പേരുകേട്ട മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന 4x400 മീറ്റര്‍ പുരുഷ റിലേ ടീമാണ് കൂടുതല്‍ ശ്രദ്ധേയം.
ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 11 വരെ സ്റ്റേഡ് ഡി ഫ്രാന്‍സിലാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇവന്റുകള്‍ നടക്കുക. വേള്‍ഡ് അത്ലറ്റിക്സ് പുതിയ മാരത്തണ്‍ റേസ് വാക്ക് മിക്സഡ് റിലേ ഇവന്റ് അവതരിപ്പിച്ചു, അതേസമയം പുരുഷന്മാരുടെ 50 കിലോമീറ്റര്‍ റേസ് നടത്തം ഒളിമ്പിക് പ്രോഗ്രാമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.