ന്യൂഡല്‍ഹി : ത്രോവിങ് പിറ്റിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര. ഈ മാസം മെയ് 10 ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നിരജ് പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. 2022ല്‍ നേടി 2023ല്‍ ചെറിയ അകലത്തില്‍ നഷ്ടമായ ഡയമണ്ട് കിരീടം വീണ്ടെടുക്കുകയാണ് ലക്ഷ്യം. ശേഷം ഒഡീഷയില്‍ വെച്ച് നടക്കുന്ന ഫെഡറേഷന്‍ കപ്പിലും താരം പങ്കെടുക്കും.ജൂലായില്‍ നടക്കാനിരിക്കുന്ന വരുന്ന പാരിസ് ഒളിമ്പിക്‌സിലും തന്റെ സ്വര്‍ണ്ണ നേട്ടം ആവര്‍ത്തിക്കുമെന്നും തിരിച്ചു വരവ് അറിയിച്ചുള്ള കുറിപ്പില്‍ നീരജ് പറഞ്ഞു.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിരുന്ന ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ ജെന, ഡി പി മനു തുടങ്ങിയവരും ഈ രണ്ട് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കും. പാരീസിലെ ഒളിംപിക്‌സ് മെഡല്‍ ആണ് ഇവരുടെ ലക്ഷ്യം. 2023ല്‍ ബുഡാപെസ്റ്റില്‍ 88.17 മീറ്റര്‍ എറിഞ്ഞു നീരജ് ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം നേടിയിരുന്നു. 2021ല്‍ ടോക്കിയോയില്‍ വെച്ചാണ് നീരജ് ആദ്യമായി സ്വര്‍ണം നേടുന്നത്.
ടോക്കിയോ ഒളിമ്പിക്‌സിനുശേഷം 2022ല്‍ നടന്ന ഒറീഗോണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി. 2023 ആഗസ്റ്റില്‍ ഹംഗറിയിലത് സ്വര്‍ണമാക്കി. ശേഷം നടന്ന സൂറിച്ചിലെ ഡയമണ്ട് ലീഗില്‍ വെള്ളി നേടി. ഇപ്പോള്‍ ആ വെള്ളി സ്വര്‍ണമാക്കണമെന്ന ലക്ഷ്യത്തോടെ പുതിയ ഡയമണ്ട് സീസണിനൊരുങ്ങുകയാണ് നീരജ്. പാരീസ് ഒളിമ്പിക്‌സിന് മുമ്പ് തന്റെ സ്വപ്ന ദൂരമായ 90 മീറ്റര്‍ മറികടക്കുക എന്നതാണ് മെഡല്‍ നേടുന്നതിനേക്കാള്‍ വലിയ ലക്ഷ്യമെന്നും നീരജ് പറയുന്നു.