‌രണ്ടാം ടി20യിൽ ഇന്ത്യയോടുള്ള ബംഗ്ലാദേശിന്റെ കനത്ത പരാജയം; കാരണം തുറന്നുപറഞ്ഞ് ക്യാപ്റ്റൻ ഷാന്റോ

ഗ്വാളിയോറിലെ ആദ്യ ടി20 മൽസരത്തിൽ വരുത്തിയ അതേ പിഴവ് തന്നെ ഈ കളിയിലും ബംഗ്ലാദേശ് ടീം വരുത്തിയതായും ഇതു നല്ലൊരു സൂചനയല്ലെന്നും നജ്മുൽ ഹുസൈൻ ഷാന്റോ ചൂണ്ടിക്കാട്ടി.

author-image
Greeshma Rakesh
New Update
najmul hossain shanto reveals reason behind bangladeshs 2nd t20I loss

najmul hossain shanto reveals reason behind bangladeshs 2nd t20I loss

ഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ ബംഗ്ലാദേശ് ടീമിനു നേരിട്ട കനത്ത പരാജയത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ. 86 റൺസിന്റെ ഏകപക്ഷീയ വിജയമാണ് സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്. നേരത്തേ ആദ്യ ടി20യിലും ബംഗ്ലാദേശ് ടീമിനെ നിഷ്പ്രഭരാക്കുന്ന വിജയമാണ് ടീം ഇന്ത്യ നേടിയത്.

222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ടീമിനു ഇന്ത്യ നൽകിയത്. റൺചേസിൽ ഒരു ഘട്ടത്തിലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാതെ അവർ കീഴടങ്ങുകയും ചെയ്തു. ഒമ്പതു വിക്കറ്റുകൾ നഷ്ടത്തിൽ 135 റൺസ് നേടാനെ ബംഗ്ലാദേശ് ടീമിനായുള്ളൂ. ആദ്യ ടി20യിലെ അതേ പിഴവ് ഈ മൽസരത്തിലും തങ്ങൾ വരുത്തിയതായി ഷാന്റോ പറയുന്നു. മൽസരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്വാളിയോറിലെ ആദ്യ ടി20 മൽസരത്തിൽ വരുത്തിയ അതേ പിഴവ് തന്നെ ഈ കളിയിലും ബംഗ്ലാദേശ് ടീം വരുത്തിയതായും ഇതു നല്ലൊരു സൂചനയല്ലെന്നും നജ്മുൽ ഹുസൈൻ ഷാന്റോ ചൂണ്ടിക്കാട്ടി. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിട്ടും ഇന്ത്യൻ ടീമിനു കളിയിലേക്കു ശക്തമായി തിരിച്ചുവരാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

ആദ്യ കളിയിൽ ഞങ്ങൾ ചില പിഴവുകൾ വരുത്തിയിരുന്നു. അതു തന്നെയാണ് ഇവിടെയും ആവർത്തിച്ചതെന്നു ഞാൻ കരുതുന്നു. ഒരു ടീമെന്ന നിലയിൽ ഞങ്ങളെ സംബന്ധിച്ചു ഇതു തീർച്ചയായും നല്ലൊരു സൂചനയല്ല. ഞങ്ങൾ ഇനിയും മെച്ചപ്പെടേണ്ടത് ആവശ്യമാണ്. ഈ മൽസരത്തിൽ ടോസിനു ശേഷം ബൗൾ ചെയ്യുകയെന്നത് നല്ല തീരുമാനം തന്നെയാണ് എന്നാണ് തോന്നുന്നതെന്നും ഷാന്റോ വ്യക്തമാക്കി.ആദ്യത്തെ ആറ്-ഏഴ് ഓവറുകൾക്കു ശേഷം ഇന്ത്യ വളരെ നന്നായി ബാറ്റ് ചെയ്തു. അതിനു ശേഷം ഞങ്ങൾക്കു പ്ലാനുകൾ പ്രതീക്ഷിച്ചതു പോലെ പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. ബാറ്ററെന്ന ഉത്തരവാദിത്വമേറ്റെടുക്കേണ്ടതു ആവശ്യമാണ്. ഞങ്ങൾ സ്വയം വിശ്വാസമർപ്പിക്കുകയും വേണം. ഞങ്ങളുടെ ബൗളർമാർ പന്തെറിഞ്ഞ രീതി വളരെ മികച്ചതായിരുന്നു. പക്ഷെ മധ്യ ഓവറുകളിൽ ഞങ്ങൾക്കു വിക്കറ്റുകളെടുക്കാൻ കഴിഞ്ഞില്ലെന്നും ഷാന്റോ കൂട്ടിച്ചേർത്തു.

ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തുടർച്ചയായി രണ്ടാമത്തെ ടി20 മൽസരത്തിലും ബംഗ്ലാദേശിന്റെ പരാജയത്തിനു പ്രധാന കാരണം. ആദ്യ കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം അവർക്കു 20 ഓവറുകൾ ക്രീസിൽ നിൽക്കാൻ പോലും സാധിച്ചില്ല. 19.5 ഓവറിൽ 127 റൺസിനു ബംഗ്ലാദേശ് കൂടാരം കയറുകയായിരുന്നു. അഞ്ചു വിക്കറ്റിനു 57 റൺസിലേക്കു കൂപ്പുകുത്തിയ ബംഗ്ലാദേശിനു പിന്നീടൊരു തിരിച്ചുവരവ് അസാധ്യവുമായി മാറി.

രണ്ടാംടി20യിലേക്കു വന്നാൽ 221 റൺസ് ചേസ് ചെയ്യാൻ അസാധ്യമായ ടോട്ടൽ തന്നെയാണെങ്കിലും ജയത്തിനായുള്ള ഒരു പോരാട്ടവീര്യം പോലും ബംഗ്ലാദേശ് ടീമിൽ കാണാൻ സാധിച്ചില്ല. ഈ പരമ്പരയ്ക്കു ശേഷം വിരമിക്കുമെന്നു പ്രഖ്യാപിച്ച വെറ്ററൻ ഓൾറൗണ്ടർ മഹമ്മുദുള്ളയുടെ (41) ഒറ്റയാൾ പോരാട്ടമാണ് ബംഗ്ലാദേശിനെ 100 റൺസെങ്കിലും പിന്നിടാൻ സഹായിച്ചത്. 39 ബോളുകൾ നേരിട്ട അദ്ദേഹം മൂന്നു സിക്‌സറുകളടിച്ചു.

മഹമ്മുദുള്ളയെ മാറ്റിനിർത്തിയാൽ ബംഗ്ലാദേശ് ബാറ്റിങ് ലൈനപ്പിൽ മറ്റാർക്കും 20 റൺസ് പോലും തികയ്ക്കാനായില്ലെന്നു കാണാം. ഏഴോവർ ആവുമ്പോഴേക്കും അവർ നാലിനു 46 റൺസിലേക്കു വീണിരുന്നു. വെറും നാലു റൺസിന്റെ വ്യത്യാസത്തിൽ മൂന്നു വിക്കറ്റുകളാണ് ബംഗ്ലാദേശ് ടീം കൈവിട്ടത്. ഇന്ത്യക്കു വേണ്ടി ബൗൾ ചെയ്ത ഏഴു പേരും വിക്കറ്റുകൾ വീഴ്ത്തിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

 

Indian Cricket Team Bangladesh cricket Team IND vs BAN Najmul Hossain Shanto