ബെംഗളുരു: ചായക്കടയില്‍ ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല. 24കാരനെ വടിവാളിന് ആക്രമിച്ച് 23കാരന്‍. ആളുകളുടെ ശ്രദ്ധ നേടാനായി യുവാവിനെ വടിവാളിന് ആക്രമിക്കുകയായിരുന്നു 23കാരന്‍ ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബെംഗളൂരുവിലാണ് സംഭവം. ഹൊസകെരഹള്ളിയില്‍ ഒരു ചായക്കടയില്‍ ചായകുടിച്ചുകൊണ്ട് നിന്ന 24കാരനാണ് വെട്ടേറ്റത്. 23കാരനാ ചരന്‍ എന്ന ചാര്‍ളിയുടെ സാന്നിധ്യത്തില്‍ ഉറക്കെ സംസാരിച്ചതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഹൊസകെരഹള്ളിയിലെ ബനശങ്കരിയിലാണ് 23കാരന്‍ താമസിക്കുന്നത്. സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനായ ദിനേഷ് നായികാണ് ആക്രമണത്തിനിരയായത്. ദിനേഷ് നായിക് രണ്ട് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച് നില്‍ക്കുമ്പോള്‍ ഇവിടെയെത്തിയ ചരന്‍ ഇവര്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ദിനേഷ് നായികിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. അവധി ദിവസത്തില്‍ രാത്രി സുഹൃത്തുക്കളോടൊപ്പം ചായക്കടയിലെത്തിയതായിരുന്നു ദിനേഷ് നായിക്.
സ്‌കൂട്ടറിലെത്തിയ ചരനെ കണ്ട ശേഷവും സംസാരിക്കുന്നത് തുടര്‍ന്നതോടെ താന്‍ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ച് 23കാരന്‍ അടുത്തെത്തി. അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുവാവ് ആക്രമിച്ചതെന്നാണ് ദിനേഷ് നായിക് വിശദമാക്കുന്നത്. ആക്രമിച്ചയാളെ മുന്‍ പരിചയമില്ലെന്നാണ് ദിനേഷ് നായിക് വിശദമാക്കുന്നത്. വലിയ രീതിയില്‍ ആക്രോശിച്ചുകൊണ്ട് എത്തിയ യുവാവ് മറുപടി പറയുന്നോ എന്ന് ചോദിച്ചായിരുന്നു വെട്ടിയതെന്നാണ് ചികിത്സയില്‍ കഴിയുന്ന ദിനേഷ് നായിക് വിശദമാക്കുന്നത്. ദിനേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവാവ് വടിവാള്‍ എടുക്കുന്നത് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ദിനേഷ് നായികിന് വെട്ടേറ്റത്. ഇയാളുടെ നെഞ്ചിലും ചുമലിലും കയ്യിലുമാണ് വെട്ടേറ്റത്. സംഭവം കണ്ടെത്തിയ ആളുകള്‍ ചരനെ തടയാന്‍ ശ്രമിച്ചതോടെ ഇവര്‍ക്ക് നേരെയും യുവാവ് വടിവാള്‍ വീശുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെയും സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് വിശദമാക്കി.