ക്രിക്കറ്റ് ലോകം വാഴാന്‍ മുഹമ്മദ് ഇനാന്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം അണ്ടര്‍ 19 ടെസ്റ്റ് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് മുഹമ്മദ് ഇനാന്‍ എന്ന മലയാളി ലെഗ് സ്പിന്നറാണ്.

author-image
Prana
New Update
muhammed inan

തൃശൂര്‍ക്കാരവന്‍ പയ്യന്‍ മുഹമ്മദ് ഇനാന്റെ മാന്ത്രിക സ്പിന്‍ ബൗളിങ് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം അണ്ടര്‍ 19 ടെസ്റ്റ് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് മുഹമ്മദ് ഇനാന്‍ എന്ന മലയാളി ലെഗ് സ്പിന്നറാണ്. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് നേടിയ ഇനാനാണ് ഓസീസിനെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ മൂന്നും, നേരത്തെ ആദ്യ ടെസ്റ്റില്‍ താരം മൂന്ന് വിക്കറ്റ് നേടിയിരുന്നു. വരുംകാലം ഇനാന്‍ ഇന്ത്യന്‍ സ്പിന്‍ മുഖമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 
തൃശൂര്‍ സ്വദേശിയാണ് മുഹമ്മദ് ഇനാന്‍. ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ ബാലപാഠങ്ങള്‍ നേടിയെടുത്ത ഇനാനെ അവിടെ പരിശീലകനായി ഉണ്ടായിരുന്ന പാകിസ്താന്റെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ സഖ്‌ലൈന്‍ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാന്‍ പ്രചോദിപ്പിച്ചത്. കൂടുതല്‍ അവസരം നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഇനാന്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറന്നു.
കേരള വര്‍മ്മ കോളേജിലെ ഒന്നാംവര്‍ഷ ബി കോം വിദ്യാര്‍ഥിയായ ഇനാന്‍ പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം ബ്ലൂ ടൈഗേഴ്‌സിനായും പന്തെറിഞ്ഞു. അണ്ടര്‍ 19 ടീമില്‍ ഇടം നേടുകയെന്നത് സ്വപ്നമായിരുന്നുവെങ്കിലും ടീമിലിടം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇനാന്‍ നേരത്തെ പറഞ്ഞിരുന്നു.
അതേ സമയം മത്സരം തീരാന്‍ ഒരു ദിനം കൂടി ശേഷിക്കെ ഇന്നിങ്‌സിനും 120 റണ്‍സിനുമാണ് രണ്ടാം ടെസ്റ്റില്‍ 'ഇന്ത്യന്‍ കൗമാരക്കാര്‍ ഓസീസിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ 492 റണ്‍സെടുത്ത ഇന്ത്യയുടെ ടോട്ടല്‍ പിന്തുടര്‍ന്ന ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് 277 റണ്‍സില്‍ അവസാനിച്ചിരുന്നു. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസിന്റെ ഇന്നിങ്‌സ് വെറും 95 റണ്‍സില്‍ അവസാനിച്ചു. അരങ്ങേറ്റക്കാരനായ സ്പിന്നര്‍ അന്‍മോല്‍ജീത് സിങും മുഹമ്മദ് ഇനാനൊപ്പം അഞ്ചുവിക്കറ്റ് നേടി ബൗളിങ്ങില്‍ തിളങ്ങി.
ഇന്നലെ മൂന്ന് വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഓസീസ് 277ന് ഓള്‍ ഔട്ടായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ എതിരാളികളെ ഫോളോ ഓണിന് അയച്ചത്. ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ ഇന്നിങ്‌സില്‍ 293 റണ്‍സ് നേടിയ ഓസീസിനെ പിന്തുടര്‍ന്ന് 296 റണ്‍സ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഉയര്‍ത്തിയ രണ്ടാം ഇന്നിങ്‌സ് ടോട്ടലായ 214 റണ്‍സും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു.

malayali Indian Cricket Team under 19 cricket spinner