ഒരു ഇടവേളയ്‌ക്ക് ശേഷം ലിയ വെല്ലുവിളികളും പ്രതിസന്ധികളും മറികടന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്. ഭാര്യ ഹസിൻ ജഹാനുമായുള്ള വേർപിരിയൽ, ഗാർഹിക പീഡന പരാതി, പാകിസ്താൻ കാമുകിയിൽ നിന്ന് പണം വാങ്ങി രാജ്യത്തെ വഞ്ചിച്ച് ഒത്തുകളിച്ചെന്ന ആരോപണങ്ങൾ അങ്ങനെ തുടങ്ങീ ഹസിൻ ഷമിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നുവന്നത്.പിന്നാലെ ഷമി ആത്മഹത്യ ശ്രമിച്ചു എന്നതടക്കം ചർച്ചയായി. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമിയുടെ സുഹൃത്ത് ഉമേഷ് കുമാർ. ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിലായിരുന്നു ഉമേഷ് കുമാറിന്റെ വെളിപ്പെടുത്തൽ.
” ആ സമയത്ത് ഷമി ഒരു പോരാട്ടത്തിലായിരുന്നു. അവൻ എന്റെ വീട്ടിൽ എനിക്കൊപ്പമാണ് താമസിച്ചിരുന്നത്. എപ്പോൾ മാതൃരാജ്യത്തെ പാകിസ്താന് വേണ്ടി ഒറ്റുകൊടുത്തെന്ന് ആരോപണമുയർന്നോ അപ്പോൾ മുതൽ അവൻ തകർന്നു. എന്തും ഞാൻ സഹിക്കും പക്ഷേ ഏന്റെ രാജ്യത്തെ വഞ്ചിച്ചെന്ന് പറഞ്ഞാൽ താങ്ങാനാവില്ലെന്ന് അവൻ പറഞ്ഞു’.
“അവൻ ജീവനൊടുക്കാൻ ശ്രമിച്ചത് ആ രാത്രിയായിരുന്നു. പുലർച്ചെ നാലിന് ഞാൻ വെള്ളം കുടിക്കാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയപ്പോൾ അവൻ ബാൽക്കണിയിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 19-ാം നിലയുടെ ബാൽക്കണിയായിരുന്നു അത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായി.
ഷമിയുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയാകും അന്ന് കടന്നുപോയത്. പിന്നീട് ഒരു ദിവസം ഞങ്ങൾ സംസാരിക്കുന്നതിനിടെ ആരോപണത്തിൽ കമ്മിറ്റി ക്ലീൻ ചീറ്റ് നൽകിയെന്നുള്ള സന്ദേശം അദ്ദേഹത്തിന്റെ ഫോണിൽ വന്നു. ഒരു ലോകകപ്പ് നേടുന്നതിനേക്കാൾ സന്തോഷം അവന്റെ മുഖത്ത് ഞാൻ കണ്ടു”—- ഉമേഷ് പറഞ്ഞു.