ലണ്ടന്‍ : ഇംഗ്ലിഷ് ക്രിക്കറ്റ് താരം മൊയീന്‍ അലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് മുപ്പത്തേഴുകാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയ 2024 ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലാണ് മൊയീന്‍ അലിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരം. അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് മൊയീന്‍ അലി വ്യക്തമാക്കി.
2014ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ മൊയീന്‍ അലി, ഒരു പതിറ്റാണ്ടോളം നീളുന്ന രാജ്യാന്തര കരിയറിനാണ് വിരാമമിടുന്നത്. രാജ്യാന്തര കരിയറില്‍ 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ 28.12 ശരാശരിയില്‍ 3094 റണ്‍സ് നേടി. ഇതില്‍ അഞ്ച് സെഞ്ചറികളും 15 അര്‍ധസെഞ്ചറികളും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 155 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഏകദിനത്തില്‍ 24.27 ശരാശരിയില്‍ 2355 റണ്‍സ് നേടി. ഇതില്‍ മൂന്നു സെഞ്ചറികളും ആറ് അര്‍ധസെഞ്ചറികളും ഉള്‍പ്പെടുന്നു. 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ട്വന്റി20യില്‍ 21.18 ശരാശരിയില്‍ 1229 റണ്‍സ് നേടി. ഇതില്‍ ഏഴ് അര്‍ധസെഞ്ചറികളുമുണ്ട്. പുറത്താകാതെ നേടിയ 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 204 വിക്കറ്റുകളും ഏകദിനത്തില്‍ 111 വിക്കറ്റുകളും ട്വന്റി20യില്‍ 51 വിക്കറ്റുകളും നേടി.