പാകിസ്താന് ദയനീയ തോല്‍വി; ഇംഗ്ലീഷ് ജയം ഇന്നിങ്‌സിനും 47 റണ്‍സിനും

ഒന്നാം ഇന്നിങ്‌സില്‍ 267 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്താന്‍ അഞ്ചാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് 54.5 ഓവറില്‍ 220 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

author-image
Prana
New Update
pakistan lost

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്താന്‍ ഇന്നലെ ഭയപ്പെട്ടതു തന്നെ സംഭവിച്ചു.  ആദ്യ ഇന്നിങ്‌സില്‍ 556 റണ്‍സ് അടിച്ചിട്ടും പാകിസ്താന്‍ ഇന്നിങ്‌സിനും 47 റണ്‍സിനും ഇംഗ്ലണ്ടിനോട് തോറ്റു. ഒന്നാം ഇന്നിങ്‌സില്‍ 267 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്താന്‍ അഞ്ചാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് 54.5 ഓവറില്‍ 220 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ അഞ്ഞൂറിലധികം റണ്‍സ് എടുത്തിട്ടും ഇന്നിങ്‌സ് പരാജയം വഴങ്ങുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് പാകിസ്താന്‍. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. 
ഇംഗ്ലണ്ടിനെതിരെ 267 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ് അഞ്ചാം ദിനം ആരംഭിച്ചത്. അവസാന ദിനം സന്ദര്‍ശകരെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ പാകിസ്താന് 115 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാക് പട കൂടാരം കയറുകയായിരുന്നു.
സല്‍മാന്‍ അലി ആഗയെയാണ് പാകിസ്താന് ഇന്ന് ആദ്യം നഷ്ടമായത്. സല്‍മാന്‍ 84 പന്തില്‍ ഏഴ് ബൗണ്ടറി സഹിതം 63 റണ്‍സെടുത്തു. താരം ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയിരുന്നു. ഷഹീന്‍ അഫ്രീദി (10) നസീം ഷാ (6) എന്നിവരാണ് അഞ്ചാം ദിനം പുറത്തായ മറ്റുതാരങ്ങള്‍. ആമിര്‍ ജമാല്‍ 104 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
അബ്രാര്‍ പരുക്കിനെത്തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ എത്തിയില്ല. 
നേരത്തെ നാലാം ദിവസം രാവിലെ മൂന്നിന് 492 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയും ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുമായപ്പോള്‍ ഇംഗ്ലണ്ട് വമ്പന്‍ ടോട്ടലിലേക്കെത്തി. 322 പന്ത് നേരിട്ട ഹാരി ബ്രൂക്ക് 29 ഫോറും മൂന്ന് സിക്‌സും സഹിതം 317 റണ്‍സെടുത്ത് പുറത്തായി. ജോ റൂട്ട് 375 പന്തില്‍ 262 റണ്‍സെടുത്തു. 17 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 454 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സെടുത്ത് ഇം?ഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.
രണ്ടാം ഇന്നിംഗ്‌സില്‍ അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ചയാണ് പാകിസ്താന്‍ നേരിട്ടത്. ആദ്യ പന്തില്‍ തന്നെ അബ്ദുള്ള ഷെഫീക്ക് പൂജ്യനായി മടങ്ങി. പിന്നാലെ സയീം അയൂബ് 29, ഷാന്‍ മസൂദ് 11, ബാബര്‍ അസം അഞ്ച്, സൗദ് ഷക്കീല്‍ 29, മുഹമ്മദ് റിസ്വാന്‍ 10 എന്നിവരും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി.

 

 

 

win england vs pakisthan cricket test