മിര്‍പൂര്‍ ടെസ്റ്റ്: ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ്

മത്സരത്തിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് ഇനി 101 റണ്‍സ് കൂടി വേണം

author-image
Prana
New Update
BANGLADESH  TEST CRIC

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് ഇനി 101 റണ്‍സ് കൂടി വേണം.
നേരത്തെ രണ്ടാംദിവസം രാവിലെ ആറിന് 140 എന്ന സ്‌കോറില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൈല്‍ വെരെയ്‌ന്റെ സെഞ്ച്വറി നേട്ടത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്കെത്തി. 114 റണ്‍സെടുത്ത വെരെയ്ന്‍ പത്താമനായാണ് പുറത്തായത്. ഓള്‍റൗണ്ടര്‍ വിയാന്‍ മള്‍ഡര്‍ 52 റണ്‍സുമായി വെരെയ്‌നെയ്ക്ക് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റില്‍ 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരുടെയും മികവില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 308 എന്ന സ്‌കോറിലേക്കെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. 202 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക നേടിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന് മഹ്മുദൂല്‍ ഹസ്സന്‍ ജോയ് പുറത്താകാതെ 38, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 23, മുഷ്ഫീഖര്‍ റഹീം പുറത്താകാതെ 31 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 106 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.

south africa test cricket Bangladesh cricket Team