ഇന്ത്യൻ ക്രിക്കറ്റ് ടീമിനും താരങ്ങൾക്കും എതിരെ പലപ്പോഴും പരിഹാസവും വിമർശങ്ങളുമായി രംഗത്തു വന്ന് പുലിവാൽ പിടിച്ച താരമാണ് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോൻ. സോഷ്യൽ മീഡിയയിലൂടെയാണ് വോൻ ഈ തരത്തിൽ വിവാദ പ്രസ്ഥാവനകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ് വോൻ. എന്നാൽ അദ്ദേഹത്തിന്റെ പരാമർശത്തിന് ചുട്ട മറുപടിയുമായി ഇന്ത്യൻ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ശ്രീലങ്കയുമായി ഇപ്പോൾ ലോർഡ്‌സിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റർ ജോ റൂട്ട് (143) തകർപ്പൻ സെഞ്ച്വറിയോടെ കസറിയിരുന്നു. അദ്ദേഹത്തിന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ അലെസ്റ്റർ കുക്കിന്റെ (33 സെഞ്ച്വറി) റെക്കോർഡിനൊപ്പവും റൂട്ട് എത്തിയിരുന്നു. ഇനിയൊരു സെഞ്ച്വറി കൂടി നേടിയാൽ ടെസ്റ്റിൽ ഏറ്റവുമധികം സെഞ്ച്വറികളുള്ള ഇംഗ്ലീഷ് താരമായും റൂട്ട് മാറും.
മാത്രമല്ല ഒരു സെഞ്ച്വറി കൂടി നേടുന്നതോടെ മുൻ ബാറ്റിങ് ഇതിഹാസങ്ങളായ സുനിൽ ഗവാസ്‌കർ, ബ്രയാൻ ലാറ, മഹേല ജയവർധനെ, യൂനിസ് ഖാൻ എന്നിവരുടെ റെക്കോർഡിനൊപ്പവും റൂട്ടിനു എത്താൻ സാധിക്കും. റൂട്ടിന്റെ ഈ സെഞ്ച്വറിക്കു ശേഷാണ് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ പരോക്ഷമായി കളിയാക്കുന്ന തരത്തിൽ വോൻ എക്‌സിൽ ഒരു പോസ്റ്റിട്ടത്.
വോനിന്റെ പരിഹാസം
മോണിങ് ഇന്ത്യ (Morning India) എന്ന ക്യാപ്ഷനോടു കൂടി വിരാട് കോലിയുടെയും ജോ റൂട്ടിന്റെയും ടെസ്റ്റ് കരിയറിലെ പ്രകടനം വെള്ള പേപ്പറിൽ എഴുതി താരതമ്യം ചെയ്തു കൊണ്ടുള്ള പോസ്റ്റാണ് എക്‌സിൽ മൈക്കൽ വോൻ പങ്കുവച്ചത്.
ഈ പോസ്റ്റിനൊപ്പം മറ്റൊന്നും അദ്ദേഹം കുറിച്ചിട്ടില്ലെങ്കിലും കോലിയെ കളിയാക്കുകയും റൂട്ടിനെ പുകഴ്ത്തുകയുമാണ് വോൻ ചെയ്തിട്ടുള്ളതെന്നു വ്യക്തമാണ്. കാരണം ടെസ്റ്റിലെ ഈ കണക്കുകൾ നോക്കിയാൽ കോലിയേക്കാൾ ഏറെ മുന്നിലാണ് റൂട്ടിന്റെ സ്ഥാനമെന്നു വ്യക്തമാണ്.
ടെസ്റ്റ്
വിരാട് vs ജെഇ റൂട്ട്
191 ഇന്നിങ്‌സ് 263
8848 റൺസ് 12,131
254* ഉയർന്ന സ്‌കോർ 254
49.15 ശരാശരി 50.33
55.56 സ്‌ട്രൈക്ക് റേറ്റ് 56.70
29 സെഞ്ച്വറി 32
30 ഫിഫ്റ്റികൾ 64
26 സിക്‌സറുകൾ 44
എന്നായിരുന്നു വോൻ തന്റെ പോസ്റ്റിൽ രേഖപ്പെടുത്തിയത്.
തിരിച്ചടിച്ച് ഫാൻസ്
ജോ റൂട്ടുമായി താരതമ്യം ചെയ്ത് വിരാട് കോലിയെ പരിഹസിച്ചുള്ള മൈക്കൽ വോനിന്റെ പോസ്റ്റിനു ചുട്ട മറുപടിയുമായി ഇന്ത്യൻ ഫാൻസ് രംഗത്തു വന്നിരിക്കുകയാണ്.മോണിങ് യുക്കെ
ടെസ്റ്റ് സെഞ്ച്വറികൾ (വിദേശത്ത്)
16- സ്റ്റീവ് സ്മിത്ത് (ആകെ കളിച്ചത് 32 ടെസ്റ്റുകൾ)
15- വിരാട് കോലി (ആകെ കളിച്ചത് 29)
13- ജോ റൂട്ട് (ആകെ കളിച്ചത് 33)
13- കെയ്ൻ വില്ല്യംസൺ (ആകെ കളിച്ചത് 32)
എന്നായിരുന്നു വിദേശത്ത് വിരാട് കോലിയുടെ ടെസ്റ്റ് സെഞ്ച്വറികളെ പുകഴ്ത്തിയുള്ള ഒരു പോസ്റ്റ്.വൈറ്റ് ബോൾ ക്രിക്കറ്റിൽ ജോ റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് ഒന്നു കാണിച്ചു തരൂ. സ്വന്തം നാട്ടിൽ മാത്രം ഏറ്റവും നന്നായി കളിക്കുന്നയാളാണ് റൂട്ട്. അദ്ദേഹം നേടിയിട്ടുള്ള സെഞ്ച്വറികളിൽ 70 ശതമാനവും ഇംഗ്ലണ്ടിലാണെന്നും ആരാധകർ തുറന്നടിക്കുന്നു.