മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗംഭീര തിരിച്ചുവരവുമായി മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഹൈദാരാബാദിനെ ഏഴ് വിക്കറ്റിനാണ് ഹാർദ്ദിക്ക് പാണ്ഡ്യയും സംഘവും തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി നേട്ടമാണ് മുംബൈയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ഓപ്പണർ ട്രാവിസ് ഹെഡ് മാത്രമാണ് ഹൈദരാബാദ് നിരയിൽ പിടിച്ചുനിന്നത്. ഹെഡ് 30 പന്തിൽ 48 റൺസെടുത്തു. മറ്റു ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ അവസാന ഓവറുകളിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഉത്തരവാദിത്തം കാണിച്ചു. 17 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്ന കമ്മിൻസ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് മുംബൈ ബൗളിങ് നിരയിൽ തിളങ്ങി.
മറുപടി പറഞ്ഞ മുംബൈയുടെ തുടക്കം തിരിച്ചടിയോടെ ആയിരുന്നു. 31 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണു. പിന്നാലെ ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവും തിലക് വർമ്മയും മുംബൈയെ അനായാസം വിജയത്തിലേക്ക് നയിച്ചു. 51 പന്തിൽ 12 ഫോറും ആറ് സിക്സും സഹിതം സൂര്യ 102 റൺസുമായി പുറത്താകാതെ നിന്നു. തിലക് വർമ്മ 32 പന്തിൽ 37 റൺസെടുത്തും ക്രീസിൽ തുടർന്നു.