ലയണൽ മെസി 2026 ഫിഫ ലോകകപ്പിലും അർജന്റീനക്കായി കളിക്കും? വെളിപ്പെടുത്തലുമായി സഹതാരം

2024 കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റ് പുറത്തായ ശേഷം  ഇതുവരെ ലയണൽ മെസി കളിക്കളത്തിലേക്ക് തിരിച്ച് എത്തിയിട്ടില്ല. ക്ലബ്ബിന്റെ മത്സരങ്ങളിൽ നിന്ന് പരിക്കിനെ തുടർന്ന് വിട്ടുനിൽക്കുകയാണ് 37 കാരനായ ലയണൽ മെസി.

author-image
Greeshma Rakesh
New Update
messi to play in 2026 fifa world cup argentina teammate alexis mac allister makes bombshell revelation

lionel messi

Listen to this article
0.75x 1x 1.5x
00:00 / 00:00

അർജന്റൈൻ ഇതിഹാസമായ ലയണൽ മെസി 2026 ഫിഫ ലോകകപ്പ് ഫുട്ബോളിൽ കളിക്കുമോ എന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നത്. 2020, 2024 കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ അർജന്റീനയെ എത്തിക്കാൻ ലയണൽ മെസിക്കു സാധിച്ചിരുന്നു.മെസിയുടെ നേതൃത്വത്തിൽ  2022 ഫിഫ ലോകകപ്പിലും അർജന്റീന മുത്തമിട്ടിരുന്നു.തുടർച്ചയായി മൂന്നു സുപ്രധാന ട്രോഫികളാണ് ഫിഫ ലോക ഒന്നാം നമ്പർ ടീമായ അർജന്റീന സ്വന്തമാക്കിയത്. ഫിഫ ലോകകപ്പ് ഫൈനലിലും ( 2014 ) കോപ്പ അമേരിക്ക ഫൈനലുകളിലും പരാജയപ്പെട്ട ലയണൽ മെസിയുടെ ദുഃഖം അകറ്റുന്നതായിരുന്നു 2022 ഫിഫ ലോകകപ്പും 2024 ൽ കോപ്പ അമേരിക്ക ചാംപ്യൻപട്ടം നിലനിർത്തിയതും.

അതിനാൽ 2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കുമോ എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തെ കുറിച്ച് ലയണൽ മെസിയുടെ സുഹൃത്തും സഹതാരവുമായ മക് അല്ലിസ്റ്റർ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മിഡിയയിൽ ചർച്ചയാകുന്നത്. 2024 കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റ് പുറത്തായ ശേഷം  ഇതുവരെ ലയണൽ മെസി കളിക്കളത്തിലേക്ക് തിരിച്ച് എത്തിയിട്ടില്ല.അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമി സി എഫ് ക്ലബ്ബിനു വേണ്ടിയാണ് ലയണൽ മെസി ബൂട്ട് അണിയുന്നത്. ക്ലബ്ബിന്റെ മത്സരങ്ങളിൽ നിന്ന് പരിക്കിനെ തുടർന്ന് വിട്ടുനിൽക്കുകയാണ് 37 കാരനായ ലയണൽ മെസി.

 2026 ഫിഫ ലോകകപ്പ് അരങ്ങേറുമ്പോൾ ലയണൽ മെസിക്ക് 39 വയസ് ആകും. മെസിയുടെ ചിര വൈരിയായ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 41 വയസും.2022 ഫിഫ ഖത്തർ ലോകകപ്പ് ഇരുവരുടെയും അവസാന ലോകകപ്പ് ആയിരിക്കുമെന്ന് അന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ, ഇരുവരും വിരമിക്കൽ പ്രഖ്യാപിക്കാത്ത പശ്ചാത്തലത്തിൽ 2026 അമേരിക്കൻ ഫിഫ ലോകകപ്പിലും കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

ആരോഗ്യം സമ്മതിക്കുവോളം കളത്തിൽ ഉണ്ടാകുമെന്നാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വിരമിക്കൽ സംബന്ധിച്ച് പറയുന്നത് എന്നതും ശ്രദ്ധേയം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിക്ക് അധികം വലയ്ക്കുന്നില്ല. എന്നാൽ, മെസിയുടെ കാര്യത്തിൽ നേര വിപരീതമാണ്. 2024 കോപ്പ അമേരിക്കയ്ക്കു മുൻപ് ഏറെ നാൾ ലയണൽ മെസി പരിക്കിനെ തുടർന്ന് പുറത്ത് ഇരിക്കുകയായിരുന്നു.
2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കുന്നത് കാണാനാണ് ആഗ്രഹം എന്ന് മക് അല്ലിസ്റ്റർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

 ''എന്റെ ആഗ്രഹം 2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കും എന്നതാണ്. എന്നിരുന്നാലും അതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. മെസി കളത്തിൽ ഉള്ളപ്പോൾ എതിർ ടീമുകൾക്ക് അതൊരു ഭയത്തിനുള്ള കാരണമാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന തോന്നൽ മെസിയുടെ സാന്നിധ്യത്തിൽ ഉണ്ടെന്നത് അർജന്റീന ടീമിനു ഗുണമാണ്.

എന്നാൽ, ലയണൽ മെസി ഇല്ലാതെ മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ ടീമിൽ ആരംഭിച്ചു കഴിഞ്ഞു. ഒരിക്കൽ അദ്ദേഹത്തിന്റെ അഭാവത്തിൽ കളത്തിൽ ഇറങ്ങേണ്ടിവരും എന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. എതിർ ഡിഫെൻസ് പൊളിക്കാൻ ലോകത്തിൽ ലയണൽ മെസിയെ പോലെ മറ്റൊരു താരം ഇല്ല''. മക് അല്ലിസ്റ്റർ പറഞ്ഞു.2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ അടുത്ത മത്സരങ്ങൾക്കുള്ള ടീമിൽ ലയണൽ മെസി ഉൾപ്പെട്ടിട്ടില്ല. സെപ്റ്റംബർ ആറിന് ചിലിക്ക് എതിരേയും സെപ്റ്റംബർ 11 ന് കൊളംബിയയ്ക്ക് എതിരേയുമാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ. അഞ്ച് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീന.

lionel messi Argentina Football Team 2026 fifa world cup Alexis Mac Allister