ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും ടീമില്‍ നിന്നും പുറത്തായ മലയാളി താരം കരുണ്‍ നായര്‍ തിരിച്ചുവരാനൊരുങ്ങുന്നു. തന്റെ കരിയറില്‍ ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കിയിട്ടുപോലും തന്റെ സ്വപ്‌നങ്ങളില്‍ ന ിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. കര്‍ണാടകയിലെ ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില്‍ മാംഗ്ലൂര്‍ ഡ്രാഗണ്‍സിനെതിരെ മൈസൂര്‍ വാരിയേഴ്‌സിന്റെ ക്യാപ്റ്റനായി ഇറങ്ങി വെടിക്കെട്ട് സെഞ്ചുറിയുമായാണ് കരുണ്‍ നായര്‍ തന്റെ രണ്ടാം വരവ് ആഘോഷിച്ചത്.
വീരേന്ദര്‍ സെവാഗിനുശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് 32 കാരനായ കരുണ്‍ നായര്‍. 2016 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു കരുണ്‍ നായര്‍ 381 പന്തില്‍ 303 റണ്‍സുമായി പുറത്താകാതെ നിന്നത്. എന്നാല്‍ ട്രിപ്പിള്‍ അടിച്ചതിന് പിന്നാലെ നടന്ന ടെസ്റ്റില്‍ കരുണിന് ടീം കോംബിനേഷന്‍ കാരണം പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതെ പോകുകയായിരുന്നു.
48 പന്തില്‍ 13 ഫോറും ഒമ്പത് സിക്‌സും പറത്തിയ കരുണ്‍ നായര്‍ 124 റണ്‍സുമായി പുറത്താകാതെ നിന്നു. 258.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കരുണിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. കരുണിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ടീം മുന്നിട്ടാണ് നിന്നത്.