ഐപിഎല്‍ പുതിയ സീസണിനു മുന്നോടിയായുള്ള താരലേലത്തിനു മുമ്പ്, ടീമില്‍ നിലനിര്‍ത്താവുന്ന മൂന്നു രാജ്യാന്തര താരങ്ങളുടെ ലിസ്റ്റ് ഒക്‌ടോബര്‍ 31നു മുമ്പ് നല്‍കണം. ആരെയൊക്കെ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ ടീമുകളെല്ലാം തീരുമാനത്തിലെത്തിക്കഴിഞ്ഞെങ്കിലും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാത്രമാണ് ഇതുവരെ ഇക്കാര്യം ഐ.പി.എല്‍. ഗവേണിംഗ് ബോഡിക്ക് നല്‍കിയിരിക്കുന്നത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ കൈവിട്ടുവെന്നതാണ് ടീം വൃത്തങ്ങളില്‍ ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. ടീം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റില്‍ രാഹുല്‍ ഇടം നേടിയിട്ടില്ല. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനാണ് രാഹുല്‍.
കഴിഞ്ഞ സീസണിലെ രാഹുലിന്റെ മോശം പ്രകടനം മാനേജ്‌മെന്റിനെ പലപ്പോഴും പ്രകോപിപ്പിക്കുന്നതിലേക്കടക്കം ചെന്നെത്തിച്ചിരുന്നു. ദേശീയ കുപ്പായത്തിലും തുടരെ പരാജയപ്പെടുകയാണ് രാഹുല്‍. ഇതൊക്കെ കണക്കിലെടുത്താണ് ടീം രാഹുലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
നിക്കോളാസ് പുരാന്‍, മായങ്ക് യാദവ്, രവി ബിഷ്‌ണോയ് എന്നിവരേയാണ് ലഖ്‌നൌ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ആയി നിക്കോളാസ് പൂരന്‍ എത്തും. നിലനിര്‍ത്താവുന്ന രണ്ടു അണ്‍ക്യാപ്ഡ് താരങ്ങളായി മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബധോനി എന്നിവരെയും ലക്‌നൗ തിരഞ്ഞെടുത്തു.