കാൽപന്ത് കളിയുടെ രാജാവും ആരാധകരുടെ സ്വന്തം മിശിഹായ്ക്ക് ഇന്ന് 37-ാം ജന്മദിനം.ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് നേടി ഏറ്റവും സന്തോഷത്തോടെ ആസ്വദിച്ച് പന്തു തട്ടുന്ന മെസിയെയാണ് കോപ്പയിൽ ഇന്ന് ലോകം കാണുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാര നിറവിൽ നിൽക്കുന്ന മെസി, സ്റ്റീൽ ഫാക്ടറി മാനേജരായിരുന്ന ജോർജ് മെസിയുടെയും മാഗ്‌നറ്റ് നിർമാണ വർക്ക്‌ഷോപ്പിൽ ജോലി ചെയ്തിരുന്ന ഭാര്യ സെലിയ കുക്കിറ്റിനിയുടെയും നാല് മക്കളിൽ മൂന്നാമനായി 1987 ജൂൺ 24ന് സാന്താ ഫെയിലെ റൊസാരിയോയിൽ ജനിച്ചു.
‘ലിയോ’ക്ക് ചെറുപ്പം മുതലേ സ്‌പോർട്‌സിനോട് അതിയായ താൽപര്യം ആയിരുന്നു. നാലാം വയസിൽ അദ്ദേഹം പ്രാദേശിക ക്ലബ്ബായ ഗ്രാൻഡോളിയിൽ ചേർന്നു. അവിടെ അദ്ദേഹത്തെ പരിശീലിപ്പിച്ചത് പിതാവ് തന്നെ ആയിരുന്നു. കൗമാരപ്രായത്തിൽ തന്നെ അസാമാന്യ പ്രതിഭയായിരുന്ന മെസി, 20 വയസിനുമുമ്പ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറി. 2006ൽ ടീനേജ് കാലത്ത് ആദ്യ ലോകകപ്പ് ഗോൾ നേടി.തനിക്ക് ഉണ്ടായ ഹോർമോൺ കുറവിൽ പൊക്കം വെക്കില്ല എന്ന് തിരിച്ചറിഞ്ഞിട്ടും, അതൊന്നും വകവെയ്ക്കാതെ തന്റെ പാഷനെ പിന്തുടർന്ന ആ ചെറുപ്പക്കാരൻ, ഇന്ന് ലോകം മുഴുവൻ ആരാധകർ ഉള്ള മികച്ച ഫുട്‌ബോൾ കളിക്കാരൻ ആയി മാറി.
ഒരു ദൈവനിയോഗം പോലെ ബാഴ്സലോണ ക്ലബ്ബിലേക്ക് എത്തിയ മെസിയുടെ ജീവിതം മാറി മറിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനം തന്നെയാണ് ബാഴ്‌സലോണ ക്ലബിന് വേണ്ടി മെസി കാഴ്ചവെച്ചത്. 2000 മുതൽ 2021 വരെ ബാഴ്‌സലോണ ക്ലബ്ബിന് വേണ്ടി പന്ത് തട്ടിയ അദ്ദേഹം 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടി ചരിത്രം കുറിച്ചു. 2021ൽ മെസി ബാഴ്സലോണ വിടുന്നു എന്ന വാർത്ത കണ്ണിരോടെയാണ് ആരാധകർ കണ്ടു നിന്നത്. വളരെ വികാരഭരിതനായാണ് മെസി വിടപറഞ്ഞതും.
ഒരുപാട് ജയപരാജയങ്ങൾക്ക് ഒടുവിൽ, 2022 ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനുവേണ്ടി പടനായകൻ മെസി കപ്പിൽ മുത്തമിട്ടു. കണ്ടു നിന്ന ഓരോ മനുഷ്യനെയും കരയിപ്പിച്ച മറ്റൊരു മത്സരം ഉണ്ടോ എന്നത് തന്നെ അത്ഭുതമാണ്. കുട്ടികാലത്ത് തന്നെ തന്റെ ശാരീരിക പരിമിതിയിൽ ഒതുങ്ങി പോയിരുന്നു എങ്കിൽ, നമുക്ക് ഇന്ന് മെസ്സി എന്ന ഇതിഹാസത്തെ കിട്ടില്ലായിരുന്നു. തന്റെ പൊക്കമില്ലായിമയെ പൊക്കമാക്കി മാറ്റി, കാല്പന്തിന്റെ രാജാവായി മാറിയ മെസ്സിയുടെ ജീവിതം ഒരുപാട് ആളുകൾക്ക് പ്രചോദനം തന്നെയാണ്. തനിക്ക് ഉണ്ടായ അനുഭവം ഇനി തന്റെ നാട്ടിലെ ഒരുകുട്ടികൾക്കും വരാതിരിക്കാൻ അദ്ദേഹം മെസി ഫൌണ്ടേഷൻ രൂപികരിച്ചു.
ഇപ്പോൾ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ അര്ജന്റീന ടീമിന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. റൊസാരിയ തെരുവിലെ മുത്തശിമാർ ഇനി ഒരു രാജാവിന്റ കഥ പറയും. കാലം എത്ര കഴിഞ്ഞാലും പകരം വെക്കാൻ പറ്റാത്ത ഒരു രാജാവിന്റയും ആ രാജാവിന് വേണ്ടി ജീവന്‍ നല്‍കാന്‍ കൂടെ നിന്ന പടയാളികളുടേയും കഥ.