ബ്യൂണസ് ഐറിസ്: പാരീസ് ഒളിമ്പിക്‌സിലെ ഫുട്‌ബാൾ മത്സരത്തിൽ അർജൻറീനക്കായി ഇതിഹാസതാരം ലയണൽ മെസ്സി കളിക്കില്ല.സൂപ്പർതാരം ടീമിലുണ്ടാകില്ലെന്ന് പരിശീലകൻ ഹാവിയർ മഷെറാനോ അറിയിച്ചു.പകരം പ്രീമിയർ ലീഗിലെ രണ്ടു താരങ്ങളും മുൻ മാഞ്ചസ്റ്റർ സിറ്റി താരവും അർജൻറീനക്കായി അണ്ടർ -23 ടീമിനൊപ്പം കളിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യോഗ്യത മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അർജൻറീന ഒളിമ്പിക്സിൽ സ്ഥാനം നേടിയത്.ഒളിമ്പിക്‌സിലെ ഫുട്‌ബാളിൽ അണ്ടർ-23 ടീമാണ് കളിക്കുന്നതെങ്കിലും ഈ പ്രായപരിധിയിൽപ്പെടാത്ത മൂന്നു സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാകും. മെസ്സിക്കുമുന്നിൽ അർജൻറീന ഫുട്ബാൾ ടീമിൻറെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന മഷെറാനോയുടെ വാക്കുകളാണ് ആരാധകരിൽ പ്രതീക്ഷയുണ്ടാക്കിയത്.
ഇരുവരും അർജൻറീനാ ടീമിൽ ഏറെക്കാലം ഒരുമിച്ചുകളിച്ചിരുന്നു. മെസ്സിയുമായി മഷെറാനോക്ക് അടുത്തബന്ധവുമുണ്ട്. അതിനാൽ മെസ്സി ഇത്തവണ ഒളിമ്പിക്സിൽ കളിക്കാനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഗോൾ കീപ്പർ എമി മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, നികോളസ് ഒട്ടമെൻഡി എന്നിവരാണ് ഇത്തവണ അണ്ടർ-23 ടീമിനൊപ്പം കളിക്കാനിറങ്ങുന്നത്.
2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ മെസ്സി കളിച്ച അർജൻറീനാ ടീം സ്വർണം നേടിയിരുന്നു.ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്സിലെ ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്. ഇതേ സമയത്തു തന്നെയാണ് ഇൻറർ മയാമിയുടെ ലീഗ്സ് കപ്പ് മത്സരങ്ങളും അരങ്ങേറുന്നത്.