ലൂസെയ്ൻ: പതിനൊന്നാമത് ഡയമണ്ട് ലീഗ് ഇന്ന് സ്വിറ്റ്‌സർലൻഡിലെ ലൊസാനിലുള്ള സ്റ്റേഡ് ഒളിംപിക് ഡി ലാ പോണ്ടെയ്‌സിൽ നടക്കും. ഇന്ത്യയുടെ സുവർണതാരവും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് സ്വർണ ജേതാവുമായ ഇന്ത്യയുടെ ജാവലിൻ സ്റ്റാർ നീരജ് ചോപ്ര സ്വർണം ലക്ഷ്യമിട്ട് ഇറങ്ങും.മാസത്തിൽ ദോഹ ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ചോപ്രയുടെ ഈ സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പ്രകടനമാണ് ലൊസാനിയിൽ നടക്കുക.രാത്രി 12.20 മുതലാണ് മത്സരം.താരത്തിനൊപ്പം ജാവലിൻ ത്രോയിലെ വമ്പന്മാരെല്ലാം കളത്തിലിറങ്ങുന്നുണ്ട്.
പാരീസ് വെങ്കല ജേതാവ് ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (ഗ്രെനഡ), ജാക്കൂബ് വാഡ്‌ലെച്ച് (ചെക്ക് റിപ്പബ്ലിക്), ജൂലിയസ് യെഗോ (കെനിയ) എന്നിവരും അന്താരാഷ്‌ട്ര മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന അർമാൻഡ് ഡുപ്ലാൻറിസ് (സ്വീഡൻ) ഉൾപ്പെടെ നിരവധി ഒളിമ്പിക് ചാമ്പ്യന്മാർ ലോസാനിൽ മത്സരിക്കും. പാരീസിൽ പോൾവോൾട്ടിൽ വെള്ളി, വെങ്കല മെഡൽ ജേതാക്കളായ സാം കെൻഡ്രിക്‌സ് (യുഎസ്എ), ഇമ്മനൂയിൽ കരാലിസ് (ഗ്രീസ്) എന്നിവരും ഡയമണ്ട് ലീഗിൽ പങ്കെടുക്കും.മത്സരം ജിയോ സിനിമ ആപ്പിലും സ്‌പോർട്‌സ് 18ലുംകാണാം.അതേസമയം പാരീസ് ഒളിംപിക്‌സിൽ നീരജിനെ മറികടന്ന് സ്വർണം എറിഞ്ഞിട്ട പാകിസ്ഥാൻ താരം അർഷാദ് നദീം ഇല്ല. നദീം ഇതേവരെ ഡയമണ്ട് ലീഗിന്റെ ഭാഗമായിട്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് നീരജ് ലൂസെയ്ൻ ഡയമണ്ട് ലീഗിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ പാരീസ് ഒളിംപിക്‌സിൽ വെള്ളി സ്വന്തമാക്കിയതിന് പിന്നാലെയുള്ള ഇന്ത്യൻ താരത്തിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്. ഒളിംപിക്‌സ് വെള്ളി സ്വന്തമാക്കിയ 89.45 മീറ്റർ പ്രകടനമാണ് നീരജിന്റെ സീസൺ ബെസ്റ്റ്. പരിക്ക് കാരണം നീരജ് സീസണിൽ ദോഹ ഡയമണ്ട് ലീഗിൽ മാത്രമാണ് മത്സരിച്ചത്. ഒളിംപിക്‌സിന് ആഴ്‌ച്ചകൾക്ക് മുമ്പ് നടന്ന പാരീസീ ഡയമണ്ട് ലീഗിൽ നിന്നും പിൻമാറിയിരുന്നു. ഇതിനുള്ള കാരണം അറിയിച്ചുകൊണ്ടാണ് നീരജ് തന്റെ പരിക്കിന്റെ വിവരം പുറം ലോകത്തെ ആദ്യമായി അറിയിച്ചത്. പരിക്കിന്റെ ആശങ്ക നിലനിൽക്കെയാണ് ഒളിംപിക്‌സിനെ നേരിടാൻ പോകുന്നതെന്നും ഇന്ത്യൻ താരം അറിയിച്ചിരുന്നു.