ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ്. വെറും 88 റണ്‍സിനാണ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓള്‍ ഔട്ടായത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ അഞ്ചിന് 602നോട് 514 റണ്‍സ് പിന്നില്‍ ഓള്‍ഔട്ടായ ന്യൂസിലന്‍ഡ് ഫോളോ ഓണിന് നിര്‍ബന്ധിതരായി. ഇന്ന് കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് മാത്രം ശേഷിക്കേ ന്യൂസിലന്‍ഡിന് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും 315 റണ്‍സ് കൂടി വേണം.
മത്സരത്തിന്റെ മൂന്നാം ദിവസം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്. ഒരു ബാറ്റര്‍ക്ക് പോലും കിവീസിനായി പൊരുതാന്‍ സാധിച്ചില്ല. 29 റണ്‍സെടുത്ത ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് കിവീസിനായി രണ്ടക്കം കടക്കാന്‍ സാധിച്ചത്. ഡാരല്‍ മിച്ചല്‍ 13 റണ്‍സും രച്ചിന്‍ രവീന്ദ്ര 10 റണ്‍സും നേടി.
ശ്രീലങ്കന്‍ സ്പിന്‍ നിരയുടെ കരുത്താണ് കിവീസിനെ തകര്‍ത്തെറിഞ്ഞത്. പ്രഭാത് ജയസൂര്യ 18 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന നിഷാന്‍ പെയ്രീസ് 17.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. നാല് ഓവര്‍ മാത്രം എറിഞ്ഞ പേസര്‍ അസിത ഫെര്‍ണാണ്ടോയ്ക്കാണ് ഒരു വിക്കറ്റ്. രണ്ടാം ഇന്നിങ്‌സില്‍ 61 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയും 46 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 47 റണ്‍സുമായി ടോം ബ്ലന്‍ഡലും 32 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍.