ഫുട്ബോൾ ഭ്രാന്തന്മാരുടെ നാടാണ് കേരളമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.അതിനിയിപ്പോ കളിക്കുന്നതിലും, കളികൾ സംഘടിപ്പിക്കുന്നതിലും, കളി കാണാനെത്തുന്നതിലുമാകട്ടെ, അന്താരാഷ്‌ട്ര ഫുട്ബോളിൽ കേരളവും മലയാളികളും ഇല്ലാത്ത മത്സരങ്ങളില്ലെന്നു തന്നെ പറയാം.
മെസ്സി,റൊണാൾഡോ,നെയ്മർ തുടങ്ങീ താരങ്ങൾക്ക് കേരളത്തിൽ ആരാധകർ ഏറെയാണ്.ഇതിനു മുമ്പ് ഇവരുടെ കൂറ്റൻ കട്ടൗവുട്ടുകൾ മലയാളി ആരാധകർ സ്ഥാപിച്ചത് ഫിഫ അടക്കം പങ്കുവച്ചിരുന്നു.ഫിഫയ്ക്ക പുറമെ മാഞ്ചസ്റ്റർ സിറ്റിയും 433-മെല്ലാം നേരത്തെ തന്നെ മലയാളികളുടെ ഫുട്‌ബോൾ പ്രേമത്തെ ഏറ്റെടുത്തതാണ്.ഇപ്പോഴിതാ ഫിഫയ്‌ക്ക് പുറമെ മലയാളത്തിൽ പോസ്റ്റുമായി എത്തിരിക്കുകയാണ് ലാലിഗയും.
യൂറോ കപ്പിൽ ഇന്നലെ നടന്ന സ്‌പെയിൻ – ഫ്രാൻസ് പോരാട്ടത്തിൽ തിളങ്ങിയ ലമിൻ യമാലിന്റെ ഫോട്ടോയാണ് ലാലിഗ മലയാളത്തിൽ പങ്കുവച്ചിരിക്കുന്നത്. ‘പ്രതിഭയാണ് പ്രതിഭാസമാണ്’ പോസ്റ്റ് എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. യൂറോ ചരിത്രത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിന് ഉടമയാണ് യമാൽ.
കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായി ഫിഫയും മലയാളികളോടുള്ള തങ്ങളുടെ സ്‌നേഹം പോസ്റ്റുകളിലൂടെ പ്രകടിപ്പിച്ചിരുന്നു. കോഴിക്കോട് ചാത്തമംഗലത്ത് ലോകകപ്പിന് മുന്നോടിയായി പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രം പങ്കിട്ടാണ് ഫിഫയുടെ പോസ്റ്റ് വന്നത്.
‘മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്’ എന്നെഴുതിയാണ് ചിത്രം പങ്കുവച്ചിരുന്നത്. പിന്നീട് ഫിഫ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫ്രാൻസ് താരം എംബാപ്പെയുടെ ഒരു വീഡിയോയിലും കിളിയേ കിളിയേ എന്ന പാട്ടിന്റെ അകമ്പടിയുണ്ടായിരുന്നു.