ഡുസെല്‍ഡോര്‍ഫ്: ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ പരിക്ക്. ആദ്യ മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. അടുത്ത മത്സരത്തിന് താരം കളത്തിലിറങ്ങുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. കളിക്കിറങ്ങുകയാണെങ്കില്‍ മുഖാവരണം ധരിക്കേണ്ടിവരും. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍മാത്രം ബാക്കിയിരിക്കേ, ഓസ്ട്രിയന്‍ താരം കെവിന്‍ ഡെന്‍സോയുടെ പിറകില്‍ ശക്തമായി ഇടിച്ചാണ് മൂക്കിന് പരിക്കേറ്റത്. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരില്ലെന്നും തുടര്‍ന്നും കളിക്കാനാവുമെന്നും ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരേ നടക്കുന്ന മത്സരത്തില്‍ താരം കളിക്കുമോ എന്നതില്‍ വ്യക്തതയില്ല.
കൂട്ടിയിടിയില്‍ മൂക്കില്‍നിന്ന് ചോരവാര്‍ന്ന ഫ്രഞ്ച് താരം തൊണ്ണൂറാംമിനിറ്റില്‍ കളിക്കളംവിട്ടു. മൂക്കെല്ലിന് പൊട്ടലുണ്ടായെന്നാണ് സൂചന. എന്നാല്‍ അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡിയാലൊ വ്യക്തമാക്കി. എംബാപ്പെക്ക് കളിക്കാനാവുമോ എന്നതില്‍ കോച്ച് ദിദിയര്‍ ദെഷാംസ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയനായ എംബാപ്പെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പരിക്കേറ്റിട്ടും എംബാപ്പെ കളിതുടര്‍ന്നിരുന്നു. ഓസ്ട്രിയ ഗോള്‍കീപ്പര്‍ പാട്രിക് പെന്‍സ് പരിക്ക് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എംബാപ്പെക്ക് ഫ്രഞ്ച് മെഡിക്കല്‍സംഘം വൈദ്യസഹായം ലഭ്യമാക്കിയിരുന്നു.