പാരിസ്: യുവേഫ നേഷൻസ് ലീഗിനുള്ള ഫ്രാൻസ് ടീമിൽ നിന്നു ക്യാപ്റ്റൻ കിലിയൻ എംബാപ്പെ പുറത്ത്. താരത്തെ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പരിഗണിച്ചില്ല.വ്യാഴാഴ്ചയാണ് യുവേഫ നേഷൻസ് ലീഗിനുള്ള ടീമിനെ ദിദിയർ ദെഷാംപ്‌സ് പ്രഖ്യാപിച്ചത്. എംബാപ്പെയെ പരിക്ക് അലട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസം ലില്ലിനോടു 1-0 ത്തിനു റയൽ മാഡ്രിഡ് ചാംപ്യൻസ് ലീഗിൽ അപ്രതീക്ഷിത തോൽവി നേരിട്ടിരുന്നു. മത്സരത്തിൽ എംബാപ്പെ പകരക്കാരനായാണ് ഇറങ്ങിയത്.പരിക്കിന്റെ പ്രശ്‌നങ്ങളും ഒപ്പം വിശ്രമം ആവശ്യമാണെന്ന നിർദ്ദേശവുമാണ് എംബാപ്പെയെ ഒഴിവാക്കാൻ കാരണം.ഇസ്രയേൽ, ബെൽജിയം ടീമുകൾക്കെതിരെയാണ് ഫ്രാൻസിന്റെ മത്സരങ്ങൾ.
"ഞാൻ കിലിയൻ എംബാപ്പെയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ആരോഗ്യപ്രശ്നമുണ്ട്, അത് ഗുരുതരമല്ല.എന്നാൽ ഞാൻ റിസ്ക് എടുക്കാൻ തയ്യാറല്ല, അതിനാൽ അദ്ദേഹം ടീമിൽ ഇല്ല," ദെഷാംപ്‌സ് പാരീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതെസമയം ബയേൺ മ്യൂണിക്കിനായി മിന്നും ഫോമിൽ കളിക്കുന്ന മൈക്കൽ ഒലിസെ ടീമിലെ സ്ഥാനം നിലനിർത്തി. ചെൽസിയുടെ ക്രിസ്റ്റഫർ എൻകുൻകു ടീമിൽ തിരിച്ചെത്തി. മധ്യനിര താരം എൻഗോളോ കാൻഡെയും ഇത്തവണ ടീമിൽ ഇല്ല. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബുഡാപെസ്റ്റിലേക്ക് മാറ്റപ്പെട്ട എവേ മത്സരത്തിൽ ഒക്ടോബർ 10 വ്യാഴാഴ്ച ഫ്രാൻസ് ഇസ്രായേലിനെ നേരിടും.
2021 ലെ നേഷൻസ് ലീഗ് ജേതാക്കളായ ലെസ് ബ്ലൂസ് ഒക്ടോബർ 14 തിങ്കളാഴ്ച ബ്രസൽസിൽ ബെൽജിയത്തെ നേരിടും.ഗ്രൂപ്പ് എ 2-ലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫ്രാൻസിന് മൂന്ന് പോയിൻ്റാണ് നേടാനായത്.ആറ് പോയിൻ്റുമായി ഇറ്റലിയാണ് ഒന്നാമതാണ്.