കൊല്‍ക്കത്ത: ഐപിഎല്ലില്‍ ബെംഗളൂരുവിനെ ഒരു റണ്ണിന് തോല്‍പിച്ച്, അഞ്ചാം വിജയം സ്വന്തമാക്കി കൊല്‍ക്കത്ത. ഈ വിജയത്തോടെ ടീം പട്ടികയില്‍ രണ്ടാമത് എത്തി.
അവസാന ഓവറില്‍ കരണ്‍ ശര്‍മ മൂന്ന് സിക്‌സറുകള്‍ പറത്തി. കരണിന്റെ പ്രകടനത്തിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവസാന പന്തില്‍ ആര്‍സിബി കളി കൈവിട്ടു. ആര്‍സിബി സീസണിലെ ഏഴാം തോല്‍വിയാണ് വഴങ്ങിയത്.
മറുപടി ബാറ്റിങ്ങില്‍ ആര്‍സിബിക്കായി വില്‍ ജാക്‌സ് (32 പന്തില്‍ 55), രജത് പട്ടീദാര്‍ (23 പന്തില്‍ 52) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
ബാറ്റിങ് തുടങ്ങി അധികം വൈകുംമുന്‍പേ ബെംഗളൂരുവിന് വിരാട് കോലിയെയും (18) ക്യാപ്റ്റന്‍ ഡുപ്ലേസിയെയും (ഏഴ് റണ്‍സ്) നഷ്ടമായിരുന്നു. അര്‍ധ സെഞ്ചറിയുമായി വില്‍ ജാക്‌സും രജത് പട്ടീദാറും ആര്‍സിബിയുടെ രക്ഷകരായി. അഞ്ചു വീതം സിക്‌സുകളാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 12-ാം ഓവറില്‍ ഇരുവരെയും പുറത്താക്കി ആന്ദ്രെ റസ്സല്‍ കൊല്‍ക്കത്തയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു.
പിന്നാലെ വന്ന കാമറൂണ്‍ ഗ്രീനും (ആറ്), മഹിപാല്‍ ലോംറോറും (നാല്) സ്പിന്നര്‍ സുനില്‍ നരെയ്‌നു മുന്നില്‍ വീണു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സുയാഷ് പ്രഭുദേശായി 18 പന്തില്‍ 24 റണ്‍സെടുത്തു പുറത്തായി. ഏഴാം വിക്കറ്റും വീണതോടെ ദിനേഷ് കാര്‍ത്തിക്കിലായി ആര്‍സിബിയുടെ മൊത്തം പ്രതീക്ഷയും. അവസാന രണ്ട് ഓവറില്‍ 31 റണ്‍സായിരുന്ന് ബെംഗളൂരുവിനു ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ 19ാം ഓവറില്‍ ആന്ദ്രെ റസ്സലിനെ ബൗണ്ടറി കടത്താനുള്ള കാര്‍ത്തിക്കിന്റെ ശ്രമം പാളി. 18 പന്തില്‍ 25 റണ്‍സെടുത്ത കാര്‍ത്തിക്കിനെ വിക്കറ്റ് കീപ്പര്‍ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്തു പുറത്താക്കി.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 20ാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തി കരണ്‍ ശര്‍മ ആരാധകര്‍ക്കു പ്രതീക്ഷ നല്‍കി. രണ്ടാം പന്തില്‍ എഡ്ജായ പന്ത് പിടിച്ചെടുക്കുന്നതിനിടെ വിക്കറ്റ് കീപ്പര്‍ സോള്‍ട്ടിനു പിഴച്ചു. പന്ത് ഗ്രൗണ്ടില്‍ ടച്ച് ഉണ്ടെന്നു വ്യക്തമായതോടെ അംപയര്‍ ഔട്ട് നല്‍കിയില്ല.
തൊട്ടടുത്ത പന്തുകളും കരണ്‍ ശര്‍മ സ്റ്റാര്‍ക്കിനെ സിക്‌സര്‍ പറത്തി. അഞ്ചാം പന്തില്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്ത് കരണിനെ പുറത്താക്കി. ഇതോടെ അവസാന പന്തില്‍ ബെംഗളൂരുവിന് വേണ്ടത് മൂന്ന് റണ്‍സ്. ലോക്കി ഫെര്‍ഗൂസന്‍ നേരിട്ട പന്തില്‍ ഡബിള്‍ ഓടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും റണ്‍ഔട്ടായി. കൊല്‍ക്കത്തയ്ക്ക് ഒരു റണ്‍ വിജയം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 36 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.