ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇപ്പോൾ വലിയ ചർച്ചയാവുന്നത് സ്റ്റാർ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎൽ രാഹുലിന്റെ വിരമിക്കൽ പോസ്റ്റാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രാഹുൽ പങ്കുവച്ച വിരമിക്കൽ പോസ്റ്റ് ആരാധകർക്ക് വലിയ ഷോക്കായിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ രാഹുലിനു ആശംസകൾ നേർന്ന് പലരും രംഗത്തു വരികയും ചെയ്തിരുന്നു. യഥാർഥത്തിൽ രാഹുൽ കളി മതിയാക്കിയോ? അദ്ദേഹത്തിന്റെ വിരമിക്കൽ പോസ്റ്റിനു പിന്നിലെ യാഥാർഥ്യമെന്താണ്? ഇതിനു പിന്നിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം.
എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്. കാത്തിരിക്കൂയെന്നു രാഹുൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു പോസ്റ്റിട്ടിരുന്നു. ഇതു ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചയായി മാറുകയും ചെയ്തു. എന്തു പ്രഖ്യാപനമായിരിക്കും രാഹുൽ നടത്താൻ പോവുന്നതെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.ഐപിഎൽ കൂടുമാറ്റത്തെക്കുറിച്ചായിരിക്കാം രാഹുൽ പുറത്തു വിടാൻ പോവുന്നതെന്നു പലരും സംശയിക്കുകയും ചെയ്തു. ഈ തരത്തിൽ അഭിപ്രായങ്ങൾ പ്രചരിക്കവെയായിരുന്നു എല്ലാവരെയും ഞെട്ടിച്ച രാഹുലിന്റെ വിരമിക്കൽ പോസ്റ്റ്.
ഒരുപാട് ആലോചിക്കുകയും പലതും പരിഗണിക്കുകയും ചെയ്ത ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന തുടക്കത്തോടെയായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രാഹുലിന്റെ ദൈർഘ്യമേറിയ പോസ്റ്റ്.മനോഹരമായ ഈ യാത്രയുടെ ഭാഗമായതിൽ എല്ലാവരോടും നന്ദിയുണ്ടെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
രാഹുലിന്റെ ഫോട്ടോയുള്ള ഔദ്യോഗിക ഇൻസ്റ്റഗ്രാം പ്രൊഫൈലിന്റെ സ്റ്റോറിയെന്ന നിലയിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. 32ാം വയസ്സിൽ തന്നെയുള്ള രാഹുലിന്റെ വിരമിക്കൽ തീരുമാനം ആരാധകരെ ശരിക്കും ഞെട്ടിച്ചു. ഇന്ത്യൻ ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള ശക്തമായ മൽസരവും സമീപകാലത്തെ ചില മോശം പ്രകടനങ്ങളുമെല്ലാം ആവാം രാഹുലിന്റെ വിരമിക്കൽ തീരുമാനത്തിനു പിന്നിലെന്നും ആരാധകർ ഉറപ്പിച്ചു.
പക്ഷെ രാഹുലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലെത്തി സ്റ്റോറി പരിശോധിച്ചപ്പോഴാണ് സത്യമെന്താണെന്നു വ്യക്തമായത്. അവിടെ അദ്ദേഹത്തിന്റ സ്റ്റോറിയിൽ അങ്ങനെയൊരു പോസ്റ്റ് കാണാൻ തന്നെയില്ലായിരുന്നു. ഇതോടെയാണ് രാഹുലിന്റെ അതേ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രമുപയോഗിച്ച് ആരോ കൃത്രിമമായി തയ്യാറാക്കിയ വിരമിക്കൽ പോസ്റ്റായിരുന്നു അതെന്നു വ്യക്തമായത്.
ഇതു രാഹുലിന്റെ ആരാധകരെ ക്ഷുഭിതരാക്കുകയും വ്യാജ പോസ്റ്റ് പ്രചരിച്ചവർക്കെതിരേ അവർ ആഞ്ഞടിക്കുകയും ചെയ്തു. ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായ രാഹുലിനെതിരേ ഈ തരത്തിൽ വ്യാജ പോസ്റ്റുകൾ തയ്യാറാക്കാൻ നാണമില്ലേയെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിച്ചത്. കെഎൽ രാഹുൽ വിരമിച്ചെന്ന തരത്തിൽ വ്യാജ പോസ്റ്റ് തയ്യാറാക്കിയതിനു പിന്നിൽ റിഷഭ് പന്തിന്റെയോ, സഞ്ജു സാംസണിന്റെയോ ആരാധകരാവുമെന്നും അവർ തുറന്നടിക്കുന്നു.
അതേസമയം, അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുൽ. മികച്ച പ്രകടനം നടത്തി സപ്തംബറിൽ തുടങ്ങുന്ന ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ റിഷഭ് പന്ത് ടെസ്റ്റിൽ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പാറാവുമെന്നാണ് വിവരം.
ബാക്കപ്പിന്റെ റോളിലേക്കു യുവതാരം ധ്രുവ് ജുറേലും രംഗത്തുണ്ട്. അതുകൊണ്ടു തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിൽ മാത്രമേ രാഹുലിനു ടീമിൽ സ്ഥാനം ലഭിക്കാനിടയുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യൻ ടീമിനൊപ്പം കണ്ടത്. ആദ്യ രണ്ടു കളിയിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്ന രാഹുലിനെ അവസാന കളിയിൽ പുറത്തിരുത്തുകയായിരുന്നു.