ലഖ്‌നൗ: ചെന്നൈ സൂപ്പര്‍ താരം എം എസ് ധോണി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ തന്നെ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാവുന്നുവെന്ന് ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പരാജയം വഴങ്ങിയെങ്കിലും ചെന്നൈയ്ക്ക് വേണ്ടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധോണിയുടെ വെടിക്കെട്ട് പ്രകടനമാണ് ശ്രദ്ധ നേടിയത്. ചെന്നൈ 150 കടക്കാതിരുന്ന സാഹചര്യത്തില്‍ ക്രീസിലെത്തിയ ധോണി ഒന്‍പത് പന്തുകളില്‍ പുറത്താകാതെ 28 റണ്‍സെടുത്തു. ഇതോടെയാണ് ചെന്നൈ പൊരുതാവുന്ന സ്‌കോറിലെത്തിയത്. ധോണിയുടെ സാന്നിധ്യം തങ്ങളുടെ ബൗളര്‍മാരെ എങ്ങനെ ഭയപ്പെടുത്തിയെന്ന് തുറന്നുപറയുകയാണ് രാഹുല്‍.
'മത്സരത്തില്‍ ചെന്നൈയെ 160 റണ്‍സിലൊതുക്കാമെന്ന സന്തോഷത്തിലായിരുന്നു ഞാന്‍. എന്നാല്‍ വിക്കറ്റ് വീണതും മഹേന്ദ്ര സിങ് ധോണി ക്രീസിലെത്തി. ഇതോടെ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. എതിര്‍ ബൗളര്‍മാരില്‍ ഭയം ജനിപ്പിക്കാന്‍ ധോണിക്ക് സാധിച്ചു. കാണികള്‍ ആര്‍പ്പുവിളിച്ചതും ഞങ്ങളുടെ യുവ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ 15-20 റണ്‍സ് വരെ അധികം സ്വന്തമാക്കാനും ചെന്നൈയ്ക്ക് സാധിച്ചു', രാഹുല്‍ വ്യക്തമാക്കി.
'ചെന്നൈയില്‍ വ്യത്യസ്തമായ ബൗള്‍ ഗെയിമാണ് കളിക്കുന്നത്. പക്ഷേ ഞങ്ങള്‍ക്ക് ഒരു 'മിനി ചെന്നൈ'യുടെ മുന്നിലാണ് കളിക്കേണ്ടിവന്നത്. അത്തരമൊരു കാണികള്‍ക്ക് മുന്നില്‍ കളിക്കാനായതില്‍ സന്തോഷമുണ്ട്', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.