തിരുവനന്തപുരം : ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി ക്യാപ്റ്റന്‍ തന്നെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ട്രിവാണ്‍ഡ്രം റോയല്‍സിന് വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മുന്നില്‍ വച്ച 132 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് റോയല്‍സ് മറി കടന്നത്. 50 റണ്‍സുമായി ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദ് പുറത്താകാതെ നിന്നു.
നേരത്തെ, കൊച്ചിയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 131 റണ്‍സില്‍ ഒതുക്കിയത് വിനോദ് കുമാറിന്റെയും അബ്ദുള്‍ ബാസിദിന്റെയും ബൌളിങ് മികവായിരുന്നു. ബാസിദ് കൊച്ചിയുടെ മധ്യനിരയെ തകര്‍ത്തെറിഞ്ഞപ്പോള്‍ വിനോദ് കുമാര്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടി. തുടക്കത്തിലെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി സിജോ മോന്‍ ജോസഫും നിഖില്‍ തോട്ടത്തിലും ചേര്‍ന്ന് കൊച്ചിയെ മികച്ചൊരു സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബാസിദ് ഇരുവരെയും പുറത്താക്കി ട്രിവാണ്‍ഡ്രത്തിനെ മല്‌സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. നേരത്തെ പവന്‍ ശ്രീധറിനെയും ബാസിദ് പുറത്താക്കിയിരുന്നു.
ബാറ്റിങ്ങിലും ടീം ചെറിയൊരു തകര്‍ച്ചയെ നേരിട്ട ഘട്ടത്തിലാണ് ബാസിദ് ടീമിന്റെ രക്ഷകനായെത്തിയത്. നാല് വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ നിന്ന് ആകര്‍ഷിനൊപ്പം ചേര്‍ന്ന് ബാസിദ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിലയുറപ്പിച്ച ശേഷം വമ്പന്‍ ഷോട്ടുകളിലേക്ക് തിരിയുന്ന പതിവ് ശൈലിയില്‍ തന്നെയായിരുന്നു ബാസിദിന്റെ ബാറ്റിങ്. ഷൈന്‍ ജോണ്‍ ജേക്കബ് എറിഞ്ഞ 14ആം ഓവറില്‍ ബാസിദ് നേടിയത് തുടരെ നാല് സിക്‌സറുകളാണ്.
ബാസിദിന്റെ ഇന്നിങ്‌സില്‍ നിന്ന് ഊജ്ജം ഉള്‍ക്കൊണ്ട് ആകര്‍ഷും മികച്ച ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തി. ആകര്‍ഷ് 24 പന്തില്‍ 25 റണ്‍സെടുത്തു. മറുവശത്ത് പുറത്താകാതെ 32 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സുമടക്കം അബ്ദുള്‍ ബാസിദ് 50 റണ്‍സ് നേടി. ടൂര്‍ണ്ണമെന്റില്‍ ബാസിദിന്റെ രണ്ടാം അര്‍ദ്ധ സെഞ്ച്വറിയായിരുന്നു ഇന്നത്തേത്. മൂന്നാം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും. അഞ്ച് മല്‌സരങ്ങളില്‍ നിന്നായി പത്ത് വിക്കറ്റുകളും ബാസിദ് നേടിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ബാസിദിന്റെ പേരിലാണ്.