തിരുവനന്തപുരം : കേരളാ ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ആലപ്പി റിപ്പിള്‍സ് തമ്മിലായിരുന്നു പോരാട്ടം. ആലപ്പിയ്‌ക്കെതിരെ 8 വിക്കറ്റിനാണ് തൃശൂര്‍ വിജയിച്ചത്. വാശിയേറിയ പോരാട്ടമായിരുന്നു ഇന്നലത്തേത്. മത്സരം കാണാന്‍ വന്നവര്‍ക്ക് ആകാശത്ത് നിന്ന് കണ്ണെടുക്കാന്‍ സമയം ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. തൃശൂര്‍ താരം വിഷ്ണു വിനോദ് മിന്നിക്കുകയായിരുന്നു. 45 പന്തില്‍ 139 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. ആലപ്പി റിപ്പിള്‍സും ഇന്നലെ സിക്‌സര്‍ മഴ പെയ്യിക്കുകയായിരുന്നു.
വിഷ്ണുവിന്റെ സെഞ്ചറിക്ക് 17 സിക്‌സറുകള്‍ അകമ്പടി ചേര്‍ന്നപ്പോള്‍ അസ്ഹറുദ്ദീന്‍ (53 പന്തില്‍ 90) പന്ത് ബൗണ്ടറി കടത്തിയത് 7 തവണ. മത്സരത്തില്‍ ആകെ 35 സിക്‌സറുകള്‍ ! 33 പന്തില്‍ സെഞ്ചറി തികച്ച വിഷ്ണു, കെസിഎലിലെ വേഗമേറിയ സെഞ്ചറിയെന്ന ബഹുമതിയും പേരിലാക്കി. സ്‌കോര്‍: ആലപ്പി 20 ഓവറില്‍ 6ന് 181. തൃശൂര്‍ 12.4 ഓവറില്‍ 2ന് 187.
സിക്‌സ് അടിക്കുന്നത് വിനോദമാക്കി മാറ്റിയ വിഷ്ണു വിനോദിന്റെ ബാറ്റ് തുടക്കം മുതല്‍ സംസാരിച്ചത് ബൗണ്ടറികളിലൂടെയാണ്. സഹഓപ്പണര്‍ ഇമ്രാന്‍ അഹമ്മദിനെ (18 പന്തില്‍ 24) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അക്ഷയ് മനോഹറിനെ (13 പന്തില്‍ 16 നോട്ടൗട്ട്) ഒരു എന്‍ഡില്‍ കാഴ്ചക്കാരനാക്കി നിര്‍ത്തിയ വിഷ്ണു, ആലപ്പി ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒടുവില്‍ 12ാം ഓവറിലെ രണ്ടാം പന്തില്‍ സിക്‌സിലൂടെ വിജയ റണ്‍ നേടാന്‍ ശ്രമിച്ച് വിഷ്ണു പുറത്താകുമ്പോള്‍, തൃശൂരിന് ജയിക്കാന്‍ 2 റണ്‍സ് കൂടി മതിയായിരുന്നു.
കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ ആലപ്പി റിപ്പിള്‍സ് വിജയിച്ചിരുന്നു. 52 റണ്‍സിനാണ് ട്രിവാന്‍ഡ്രത്ിനെതിരെ ആലപ്പി വിജയിച്ചത്. ആലപ്പിയുടെ അക്ഷയ് ചന്ദ്രനാണ പ്ലയര്‍ ഓഫ് ദ മാച്ച്.