കേരള ക്രിക്കറ്റ് ലീഗില്‍ ചൊവ്വാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ എട്ടു വിക്കറ്റിനാണ് കൊല്ലം പരാജയപ്പെടുത്തിയത്. കാലിക്കറ്റ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്ലം മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ അഭിഷേക് നായരുടെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. 47 പന്തുകള്‍ നേരിട്ട അഭിഷേക് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്നു. വിജയറണ്‍ നേടുമ്പോള്‍ 23 പന്തില്‍ നിന്ന് 16 റണ്‍സുമായി വി. ഗോവിന്ദായിരുന്നു അഭിഷേകിനൊപ്പം ക്രീസില്‍. അരുണ്‍ പൗലോസ് (10), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (19) എന്നിവരാണ് പുറത്തായ താരങ്ങള്‍.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത കെ.എ അരുണാണ് കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍.
ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (6), എം. അജ്‌നാസ് (1), ലിസ്റ്റന്‍ അഗസ്റ്റിന്‍ (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. അഭിജിത്ത് പ്രവീണ്‍ (20), സല്‍മാന്‍ നിസാര്‍ (18) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
കൊല്ലം ടീമിനായി കെ.എം ആസിഫ് മൂന്നും എന്‍.പി ബേസില്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.