രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളവും ബംഗാളും തമ്മില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരം ആദ്യദിനം മഴമൂലം ഉപേക്ഷിച്ചു. ദാന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗാളില്‍ കനത്ത മഴ തുടര്‍ന്നതോടെയാണ് ടോസ് പോലും നടക്കാതെ ആദ്യദിനം ഉപേക്ഷിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നിരുന്നു. കര്‍ണാടകയ്‌ക്കെതിരായ ആളൂരിലെ കേരളത്തിന്റെ കഴിഞ്ഞ മത്സരവും മഴയെ തുടര്‍ന്ന് സമനിലയില്‍ കലാശിച്ചിരുന്നു. വെറും 50 ഓവര്‍ മാത്രമാണ് കര്‍ണാടക-കേരള മത്സരം നടന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ വിജയം മാത്രമാണ് കേരളത്തിന് കളിക്കാനായത്. ഈ മത്സരത്തില്‍ കേരളം വിജയിച്ചിരുന്നു.
മഴമൂലം മത്സരം വൈകുമ്പോള്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജു സാംസണാണ് തിരിച്ചടിയാകുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാമെന്ന് സഞ്ജുവിനോട് ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ മഴമൂലം മത്സരം വൈകുകയാണ്. നവംബര്‍ എട്ട് മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര തുടങ്ങുമെന്നതിനാല്‍ അടുത്ത മത്സരത്തില്‍ സഞ്ജുവിന് കളിക്കാനും സാധിച്ചേക്കില്ല.