കേരള ക്രിക്കറ്റ് ലീഗില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. സെമിയില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. കാലിക്കറ്റ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ ആയുള്ളൂ.
174 വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സുബിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച റിയ ബഷീറും ഗോവിന്ദ് പൈയ്യും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ടീമിനെ അനായാസം വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 16ാം ഓവറില്‍ ടീം സ്‌കോര്‍ 137 ല്‍ നില്‍ക്കേ റിയ ബഷീറിനെ നഷ്ടമായി. 40പന്ത് നേരിട്ട റിയ ബഷീര്‍ മൂന്ന് ഫോറിന്റേയും അഞ്ച് സിക്‌സറുകളുടേയും അകമ്പടിയോടെ 69 റണ്‍സെടുത്തു.
പിന്നാലെ നിരയായി വിക്കറ്റ് വീണതോടെ ട്രിവാന്‍ഡ്രം പ്രതിരോധത്തിലായി. ഗോവിന്ദ് പൈ(68), അബ്ദുള്‍ ബാസിത്ത്(1), അഖില്‍ എം.എസ്(4), വിനോദ് കുമാര്‍(9), ഗിരീഷ് പി.ജി(0) എന്നിവര്‍ വേഗം കൂടാരം കയറി. ഏഴ് വിക്കറ്റ് വീണതോടെ ട്രിവാന്‍ഡ്രത്തിന് പിന്നീട് തിരിച്ചുവരാനായില്ല. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ 155 റണ്‍സിന് ഇന്നിങ്‌സ് അവസാനിച്ചു. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അഖില്‍ സ്‌കറിയയാണ് കാലിക്കറ്റിന് ജയമൊരുക്കിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നിശ്ചിത 20ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍, അഖില്‍ സ്‌കറിയ എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളാണ് കാലിക്കറ്റിന് തുണയായത്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ നൂറുകടത്തി.
34 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കാലിക്കറ്റിന്റെ ടോപ്‌സ്‌കോറര്‍. മൂന്ന് ഫോറുകളും ആറ് സ്‌ക്‌സറുകളുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അഖില്‍ സ്‌കറിയ 43 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ 16 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഒമര്‍ അബൂബക്കര്‍(14), എം അജ്‌നാസ്(1), പള്ളം അന്‍ഫല്‍(2) എന്നിവര്‍ നിരാശപ്പെടുത്തി. അഭിജിത്ത് പ്രവീണ്‍ ഒമ്പത് റണ്‍സെടുത്തു. ട്രിവാന്‍ഡ്രം റോയല്‍സിനായി വിനില്‍ ടി.എസ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹരികൃഷ്ണന്‍, അഖില്‍ എം.എസ്, ശ്രീഹരി എസ് നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.