ദുബായ്: ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജയ് ഷാ. ഐസിസിയുടെ തലവനായി ജയ് ഷായെ നിയമിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഐസിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ജയ് ഷാക്ക് അനുകൂലമായി 16 ൽ 15 താരങ്ങളും വോട്ട് ചെയ്തു. ഇനി ക്രിക്കറ്റിന്റെ അമരക്കാരനായി ജയ് ഷാ ഉണ്ടാവും. ഇന്ത്യൻ ക്രിക്കറ്റിനും ഗുണം ചെയ്യുന്ന തീരുമാനമാണിതെന്ന് പറയാം.
എന്നാൽ ജയ് ഷാ പടിയിറങ്ങുമ്പോൾ പകരം ബിസിസി ഐ സെക്രട്ടറി സ്ഥാനത്തേക്ക് ആരെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിമാനകരമായ നേട്ടങ്ങളിലേക്കെത്തിച്ചാണ് ജയ് ഷായുടെ പടിയിറക്കം. 2019ലാണ് ജയ് ഷാ ബിസിസി ഐയുടെ തലപ്പത്തേക്കെത്തുന്നത്. നിരവധി ചരിത്ര തീരുമാനങ്ങളെടുത്താണ് ജയ് ഷാ ബിസിസി ഐ സെക്രട്ടറി സ്ഥാനമൊഴിയുന്നത്. ചരിത്ര പ്രാധാന്യം അർഹിക്കുന്ന വനിതാ പ്രീമിയർ ലീഗ് കൊണ്ടുവരാൻ തീരുമാനിച്ചത് ജയ് ഷായുടെ നേതൃത്വത്തിലാണ്.
വനിതാ ക്രിക്കറ്റിന് വലിയ ഉയർച്ച നൽകുന്ന തീരുമാനമായിരുന്നു ഇത്. കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉന്നതയിലേക്ക് വളർത്താൻ ജയ് ഷാക്ക് സാധിച്ചു. വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി രോഹിത് ശർമയെ നായകസ്ഥാനത്തേക്കെത്തിക്കാൻ ജയ് ഷാക്ക് സാധിച്ചു. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതിൽ ബാഹ്യമായ എല്ലാ പിന്തുണയും നൽകി ജയ് ഷാ ടീമിനൊപ്പം ശക്തമായി നിന്നിരുന്നു. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ജയ് ഷായുടെ ഐസിസിയിലേക്കുള്ള ഉയർച്ച പ്രതീക്ഷ നൽകുന്നതാണ്.
ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ കൂടുതൽ കിരീട നേട്ടങ്ങളിലേക്കെത്തിക്കാൻ ജയ് ഷായുടെ ഉയർച്ച എങ്ങനെ ഇന്ത്യയെ സഹായിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ജയ് ഷായുടെ പ്രായം 35 വയസ് മാത്രമാണ്. ഐസിസിയുടെ ചെയർമാൻ സ്ഥാനത്തേക്കെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയിലേക്കും ജയ് ഷായെത്തി. ആശംസാ പ്രവാഹമാണ് ജയ് ഷാക്കായി സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. ഇന്ത്യയിലെ ക്രിക്കറ്റിന്റെ വളർച്ചക്ക് ഇത് സഹായകരമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഡിസംബർ 1നാണ് അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക. ഇതിന് മുന്നോടിയായി പുതിയ സെക്രട്ടറിയെ ബിസിസി ഐക്ക് കണ്ടത്തേണ്ടതായുണ്ട്. നിലവിൽ റോജർ ബിന്നി പ്രസിഡന്റ് സ്ഥാനത്തുണ്ട്. സെക്രട്ടറിയായി ആരെത്തുമെന്നത് സംബന്ധിച്ചുള്ള വിശ്വസ്തമായ റിപ്പോർട്ടുകളൊന്നുമില്ല. എന്തായാലും ധീരമായ തീരുമാനങ്ങളോടെ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിച്ച് തലയുയർത്തിയാണ് ജയ് ഷാ ഐസിസിയിലേക്ക് പോകുന്നത്. അവിടേയും ഇതേ മികവ് തുടരാൻ ജയ് ഷാക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.