നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനാകും. തന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന രോഹിത് ശര്‍മ്മ പെര്‍ത്തിലേക്ക് യാത്ര ചെയ്യില്ല എന്ന് ഉറപ്പായി.
അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ രോഹിത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഹിത്തിന്റെ ഭാര്യ റിതിക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കയിത്. ഇതിനെ തുടര്‍ന്നാണ് രോഹിത് നാട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചത്. ഒന്നാം ടെസ്റ്റില്‍ കളിക്കാന്‍ താനുണ്ടാവില്ലെന്ന് രോഹിത് നേരത്തെ തന്നെ ടീം മാനേജ്‌മെന്റിനെയും ബി.സി.സി. ഐയെയും അറിയിച്ചിരുന്നു. രോഹിത് ടീമിനൊപ്പം യാത്രചെയ്യാത്തതിനെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വിമര്‍ശിച്ചിരുന്നു. രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഓസ്‌ട്രേലിയയിലേയ്ക്ക് പോകുമായിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞത്.
ഇത് രണ്ടാം തവണയാണ് ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 202122 സീസണില്‍ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ചാം ടെസ്റ്റില്‍ ബുറയായിരുന്നു നായകന്‍. രോഹിത് കോവിഡ് ബാധിതനായതിനെ തുടര്‍ന്നാണ് നായകവേഷം ബുംറയുടെ ചുമലില്‍ വന്നത്.
രണ്ട് മുന്‍നിര ബാറ്റര്‍മാരില്ലാതെയാവും ഇന്ത്യ പെര്‍ത്തിലെ ഒന്നാം ടെസ്റ്റിനിറങ്ങുക. കൈവിരലിന് പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ നേരത്തെ തന്നെ പര്യടനത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇരുവര്‍ക്കും പകരം കെ.എല്‍. രാഹുലും അഭിമന്യു ഈശ്വരനും ടീമില്‍ ഇടം പിടിച്ചേക്കും. ദേവ്ദത്ത് പടിക്കലാണ് പരിഗണിച്ചേക്കാവുന്ന മറ്റൊരാള്‍. എന്നാല്‍, പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കൈമുട്ടിന് പരിക്കേറ്റ രാഹുലിന്റെ പരിക്ക് പൂര്‍ണമായി ഭേദമായോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, രാഹുല്‍ മത്സരത്തിന് മുന്‍പ് ഫിറ്റ്‌നസ് കൈവരിക്കുമെന്ന് ബി.സി.സി.ഐ. അറിയിച്ചു.സ്വന്തം മണ്ണില്‍ ന്യസീലന്‍ഡിനോടേറ്റ ദയനീയ തോല്‍വിയുടെ ഭാരവുമായാണ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയത്. അഞ്ച് ടെസ്റ്റാണ് പരമ്പരയിലുള്ളത്.