മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇതിഹാസ പേസറാണ് ജസ്പ്രീത് ബുംറ.അതിവേഗ പന്തുകൾക്കൊണ്ടും മിന്നൽ യോർക്കറുകൾക്കൊണ്ടും ആരാധകരുടെ ഇഷ്ട താരമായ ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിലൊരാളാണ്.മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമക്ക് കീഴിൽ കളിച്ചാണ് ജസ്പ്രീത് ബുംറ വളർന്നത്. രോഹിത് ശർമയുടെ പിന്തുണ ബുംറയെ സൂപ്പർ താരമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
രോഹിത്തുമായി അടുത്ത ബന്ധമുള്ള ബുംറ വിരാട് കോലിക്കും എംഎസ് ധോണിക്കും കീഴിൽ കളിക്കാൻ ഭാഗ്യം ലഭിച്ചവരിലൊരാളാണ്. ഇപ്പോഴിതാ നായകനെന്ന നിലയിൽ തനിക്ക് ഏറ്റവും സുരക്ഷിതത്വം നൽകിയത് ആരാണെന്ന് ബുംറ തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് രോഹിത് ശർമയോ വിരാട് കോലിയോ അല്ലെന്നും എംഎസ് ധോണിയാണെന്നുമാണ് ബുംറ പറയുന്നത്. 'ധോണി എനിക്ക് വലിയ സുരക്ഷിതത്വമാണ് നൽകിയത്. എന്നിൽ വലിയ വിശ്വാസം അർപ്പിക്കാൻ ധോണി ഭായി തയ്യാറായി.
വലിയ പദ്ധതികൾക്ക് പ്രാധാന്യം നൽകാതെ പന്തെറിയാൻ അദ്ദേഹം സ്വാതന്ത്ര്യം തന്നു' ബുംറ പറഞ്ഞു. ധോണിക്ക് കീഴിലാണ് ബുംറ ടീമിലേക്കെത്തുന്നത്. ഡെത്തോവറിൽ ബുംറയെ ഇന്ത്യയുടെ വജ്രായുധമാക്കി മാറ്റിയത് ധോണിയാണെന്ന് പറയാം. ധോണിയുടെ പദ്ധതികൾക്കനുസരിച്ച് പന്തെറിയാൻ ബുംറക്ക് സാധിച്ചിരുന്നു. മൂന്ന് ഫോർമാറ്റിലും ബുംറ ഇന്ന് സൂപ്പർ താരമായി മാറിയതിന് പിന്നാലെ ധോണിക്കും വലിയ പങ്ക് അവകാശപ്പെടാം.
വിരാട് കോലി ക്യാപ്റ്റനായി വന്നപ്പോഴും ബുംറക്ക് ടീമിലെ നിർണ്ണായക സ്ഥാനം നൽകിയിരുന്നു. കോലിയുടെ ആക്രമണോത്സകതയും ക്രിക്കറ്റിനോടുള്ള സ്‌നേഹവും ടീമിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും ബുംറ പറഞ്ഞു. 'വിരാട് കോലിയുടെ ഊർജ്ജ സ്വലതയാണ് ടീമിനെ മുന്നോട്ട് നയിച്ചിരുന്നത്. ടീമിന്റെ ഫിറ്റ്‌നസ് നിലവാരത്തെ ഉന്നതിയിലേക്ക് വളർത്തിയത് കോലിയാണ്. ടീമിന്റെ ഘടനയെ ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലേക്ക് അദ്ദേഹം മാറ്റി. കോലി ഇപ്പോൾ ക്യാപ്റ്റനല്ല.
എന്നാൽ ഇപ്പോഴും അവൻ നായകനാണ്. നായകനാവുകയെന്നത് ഒരു സ്ഥാനമാണ്. ടീമിനെ മുന്നോട്ട് കൊണ്ടുപോവുക 11 പേർ ചേർന്നാണ്. ബുംറ പറഞ്ഞു. എന്നാൽ യുവതാരമായി മുംബൈയിലേക്കെത്തിയ ബുംറക്ക് തുടർ അവസരങ്ങൾ നൽകിയതും പിന്തുണച്ച് വളർത്തിയതുമെല്ലാം രോഹിത് ശർമയാണ്. നായകനെന്ന നിലയിൽ രോഹിത്താണ് ബുംറയെ ഏറ്റവും കൂടുതൽ സഹായിച്ചത്. രോഹിത്തുമായുള്ള സൗഹൃദത്തെക്കുറിച്ചും ബുംറ പറഞ്ഞു.
'ബൗളർമാരോട് കൂടുതൽ അടുപ്പം കാട്ടുന്ന ചുരുക്കം ചില നായകന്മാരിലൊരാളാണ് രോഹിത്. ബാറ്റ്‌സ്മാനായിട്ടും ബൗളർമാരെക്കുറിച്ചാണ് അദ്ദേഹം കൂടുതൽ ആലോചിക്കുന്നത്. താരങ്ങളുടെ വൈകാരികത മനസിലാക്കാൻ കഴിവുള്ള നായകനാണ് രോഹിത്. ഏത് മനോനിലയിലാണ് ബൗളറുള്ളതെന്ന് രോഹിത് വേഗത്തിൽ മനസിലാക്കുന്നു. രോഹിത് ഏകാധിപത്യത്തോടെ തീരുമാനമെടുക്കുകയല്ല. ബൗളറുടെ മറുപടിയും കേൾക്കാൻ ശ്രമിക്കുന്ന നായകനാണ്' ബുംറ പറഞ്ഞു.
ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലേക്കെത്തിക്കുന്നതിൽ ഏറ്റവും നിർണ്ണായക പ്രകടനം കാഴ്ചവെച്ച താരമാണ് ബുംറ. അതിന് ശേഷം അദ്ദേഹം വിശ്രമത്തിലാണ്. സിംബാബ്‌വെ, ശ്രീലങ്ക പരമ്പരകൾ അദ്ദേഹം കളിച്ചിട്ടില്ല. ഇനി ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ടി20 പരമ്പരയാണ് വരാനിരിക്കുന്നത്. ഇതിലും ബുംറ കളിച്ചേക്കില്ല. ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി വരാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്.
അതുകൊണ്ടുതന്നെ ബുംറക്ക് പൂർണ്ണ വിശ്രമം നൽകി ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് മുമ്പ് ഫോമിലേക്കെത്തിക്കാനാണ് ഇന്ത്യയുടെ നീക്കം. ബുംറയുടെ ഫോമും ഫിറ്റ്‌നസും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമായതിനാലാണ് താരത്തിന് ഇപ്പോൾ വിശ്രമം നൽകിയിരിക്കുന്നത്. വ്യത്യസ്തമായ മാച്ച് വിന്നിങ് പ്രകടനങ്ങളുമായി ബുംറ ഇനിയും ഇന്ത്യൻ ടീമിനൊപ്പം ഏറെക്കാലം തുടരുമെന്ന് പ്രതീക്ഷിക്കാം.