മുംബൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ സർവാധിപത്യം നേടിക്കഴിഞ്ഞിരിക്കുകയാണ് ഇന്ത്യ. മൂന്നാം ദിനത്തിലേക്ക് മത്സരം കടക്കുമ്പോൾ ടെസ്റ്റിൽ ഇന്ത്യ വിജയം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.ആദ്യ ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.രണ്ടാം ടെസ്റ്റിനും ടി20 പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ആദ്യ ടെസ്റ്റ് മത്സരത്തിലെ താരങ്ങളുടെ പ്രകടനവും ദുലീപ് ട്രോഫിയിലെ പ്രകടനവും വിലയിരുത്തിയാവും രണ്ടാം മത്സരത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുക.
ഇന്ത്യക്ക് ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ന്യൂസീലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പൻ പരമ്പരകളാണ് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിലും ചില താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന.ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരിഗണിക്കാൻ സാധ്യതയുള്ള ടീമിൽ എന്തൊക്കെ മാറ്റങ്ങളാവും ഉണ്ടാവുക?. ആരൊക്കെ ടീമിൽ ഉൾപ്പെടുമെന്ന് പരിശോധിക്കാം.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചേക്കും. ടി20 ലോകകപ്പിന് ശേഷം ബുംറ കളിച്ച ആദ്യത്തെ മത്സരമാണ് ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ്. ഇതിൽ മികച്ച പ്രകടനം നടത്തിയ ബുംറക്ക് വീണ്ടും വിശ്രമം നൽകുമെന്നാണ് വിവരം. ബുംറയെ ഒഴിവാക്കി പകരം ഇഷാൻ കിഷനെ ഇന്ത്യ ടീമിലേക്കെത്തിക്കാനാണ് സാധ്യത. ഇഷാൻ കിഷൻ ബുച്ചി ബാബു ടൂർണമെന്റിലും ദുലീപ് ട്രോഫി ടൂർണമെന്റിലും സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു.
ഏറെക്കാലമായി ഇന്ത്യൻ ടീമിന് പുറത്തുള്ള ഇഷാൻ കിഷൻ ഇപ്പോൾ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. പ്ലേയിങ് 11 ഇഷാൻ കിഷന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. അതിവേഗം റൺസുയർത്താൻ ഇഷാന് സാധിക്കുന്നുണ്ട്. ഇഷാനെ തിരികെ കൊണ്ടുവരാൻ രാഹുൽ ദ്രാവിഡിനും താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ ഇഷാന് ടീമിലിടം ലഭിക്കാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
അതെസമയം ഇന്ത്യ രണ്ടാം ടെസ്റ്റിൽ പ്ലേയിങ് 11ൽ മാറ്റം വരുത്തുമെന്ന കാര്യവും ഏറെകുറേ ഉറപ്പാണ്. മധ്യനിരയിൽ കെ എൽ രാഹുലിനെ മാറ്റി പകരം സർഫറാസ് ഖാന് അവസരം ലഭിച്ചേക്കും. അതിവേഗത്തിൽ റൺസുയർത്താൻ കഴിവുള്ള താരമാണ് സർഫറാസ്. ഇന്ത്യക്ക് ഇത്തരത്തിൽ കൂടുതൽ ആക്രമിച്ച് കളിക്കുന്ന താരങ്ങളെ ആവശ്യമാണെന്നാണ് ഗംഭീർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടത്. രാഹുൽ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് നടത്തുന്നത്. കൂടാതെ വലിയ സ്‌കോറും നേടാനാവുന്നില്ല.
അതുകൊണ്ടുതന്നെ രാഹുലിനെ മാറ്റി പകരം സർഫറാസിനെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ഇന്ത്യയുടെ പേസ് നിരയിൽ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചാൽ പകരം യഷ് ദയാലിന് കളിക്കാൻ അവസരം ല ഭിച്ചേക്കും. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനമാണ് ദയാൽ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കളിക്കാൻ അവസരം നൽകിയേക്കും. ഇഷാൻ കിഷന് റിഷഭ് പന്തിന് പകരം പ്ലേയിങ് 11ൽ അവസരം ലഭിക്കാനും സാധ്യതയുണ്ട്. ന്യൂസീലൻഡ് പരമ്പരക്ക് മുമ്പ് റിഷഭിന് വിശ്രമം നൽകുമോയെന്നത് കണ്ടറിയാം.
ഇന്ത്യയുടെ സാധ്യതാ ടീം
രോഹിത് ശർമ (c), യശ്വസി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, ശുബ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, ദ്രുവ് ജുറേൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, യഷ് ദയാൽ
സാധ്യതാ 11- രോഹിത് ശർമ, യശ്വസി ജയ്‌സ്വാൾ, ശുബ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ/റിഷഭ് പന്ത്, സർഫറാസ് ഖാൻ/ കെ എൽ രാഹുൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, യഷ് ദയാൽ