ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ജസ്പ്രീത് ബുംറയെ മാറ്റുമെന്ന് സൂചന. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ യുവതാരം ശുഭ്‌മൻ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നാണ് പുതിയ റിപ്പോർട്ട്. ഏകദിന, ട്വൻറി20 ടീമുകളുടെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ നേരത്തെ തന്നെ നിയോഗിച്ചിരുന്നു.ഭാവി ക്യാപ്റ്റനായി ഗില്ലിനെ വളർത്തിയെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് റെഡ് ബോൾ ക്രിക്കറ്റിലെ പ്രൊമോഷൻ.
ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ വൺഡൗൺ പൊസിഷനിൽ ഗിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഏകദിനത്തിൽ ഓപ്പണറായും ഇടമുറപ്പിച്ച ഗില്ലിന്, ട്വൻറി20 ടീമിലെ ഓപ്പണർ സ്ഥാനത്തോടാണ് ഇനിയും നീതി പുലർത്താനുള്ളത്.
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ, ഓപ്പണിംഗ് ടെസ്റ്റ് സെപ്റ്റംബർ 19 ന് ചെന്നൈയിലും രണ്ടാം ഏറ്റുമുട്ടൽ സെപ്റ്റംബർ 27 ന് നാഗ്പൂരിലെ ഗ്രീൻ പാർക്കിലും നടക്കും. ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളിലും ഗില്ലാകും ഉപനായകൻ.
രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലോ?
രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും പോലുള്ള ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരങ്ങൾ അവരുടെ കരിയറിൻ്റെ ഒരു പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. പഴയ കാവൽക്കാർ വിടവാങ്ങാൻ തയ്യാറെടുക്കുമ്പോൾ,ബിസിസിഐ യുവാക്കളെ നേതൃസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുവരാനാണ് താൽപ്പര്യപ്പെടുന്നത്.
രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ആരായിരിക്കും ഇനി ഇന്ത്യയുടെ നായകമെന്നാണ് ഉയരുന്ന ചോദ്യം. ക്യാപ്റ്റനായി പകരക്കാരനെ കണ്ടെത്തുന്നത് ബിസിസിഐയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.കെ എൽ രാഹുലിനെപ്പോലുള്ളവർ രോഹിത് ശർമ്മയ്ക്ക് ശേഷം നായകനാകുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ നേതൃത്വം ഇതിനകം തന്നെ വിലയിരുത്തുന്നുണ്ടാകാം.
രോഹിത് ശർമ്മയ്ക്ക് ശേഷം ഋഷഭ് പന്ത്, രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നായക സ്ഥാനത്തേയ്ക്ക് വരാൻ സാധ്യത. ടി20I നായകസ്ഥാനം എന്തായാലും സൂര്യകുമാറിന് പോയി. ഹാർദിക് പാണ്ഡ്യ ഇപ്പോൾ സാധ്യത ലിസ്റ്റിൽ ഇല്ലെന്ന് തന്നെ പറയാം.ഭാവി ക്യാപ്റ്റനായി ഗില്ലിനെ വളർത്തിയെടുക്കുന്നതിനുള്ള ബിസിസിഐയുടെ നടപടികളുടെ ഭാഗമാണ് റെഡ് ബോൾ ക്രിക്കറ്റിലെ ഉൾപ്പെട ഗില്ലിന്റെ പ്രൊമോഷൻ എന്ന് വ്യക്തമാണ്.