ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ പരിശീലകന്‍ ഉംബര്‍ട്ടോ ഫെറാറ, ഫിസിയോതെറാപ്പിസ്റ്റ് ജിയാകോമോ നാല്‍ഡി എന്നിവരുമായി ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍ പിരിഞ്ഞു. ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട സിന്നറിന് വിലക്ക് ഒഴിവാക്കിയതിന് പിന്നാലെയാണ് താരം ഇക്കാര്യം അറിയിച്ചത്. കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തോടെ എല്ലാവരുടെയും പ്രിയങ്കരനായി മാറിയ താരമാണ് സിന്നര്‍.
താരം മനപൂര്‍വ്വം ഉത്തേജക മരുന്ന് ഉപയോഗിച്ചതല്ലെന്ന് ഐടിഐഎ പ്രസ്താവനയിലൂടെ അറിയിച്ചു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ ശരീരത്തിലുണ്ടായ മുറിവ് ചികിത്സിക്കുന്നതിന്റെ ഭാഗമായി ക്ലോസ്റ്റെബോള്‍ അടങ്ങിയ ഓവര്‍ ദി കൗണ്ടര്‍ സ്പ്രേ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഗ്ലൗസ് ഉപയോഗിക്കാതെ സ്പ്പോര്‍ട്ടിംഗ് സ്റ്റാഫ് മസാജും സ്പോര്‍ട്സ് തെറാപ്പിയും ചെയ്ത് നല്‍കി. ഇതുകൊണ്ടാണ് ശരീരത്തില്‍ നിരോധിത സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
താരത്തെ ഭാവി മത്സരങ്ങളില്‍ നിന്ന് വിലക്കുന്നതിന് പകരം ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ പങ്കെടുത്തതിന്റെ റാങ്കിംഗ് പോയിന്റും മാച്ച് ഫീയും ടെന്നീസ് ഫെഡറേഷന്‍ തടഞ്ഞു. ഇതിനിടെ ഫിസിയോതെറാപ്പിസ്റ്റ് ജിയാകോമോ നാല്‍ഡിയാണ് താരത്തിന് ഓവര്‍ ദി കൗണ്ടര്‍ സ്പ്രേ നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് പറഞ്ഞു. ഐടിഐഎയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ താന്‍ തുടര്‍ന്നും താന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് സിന്നര്‍ എക്സിലൂടെ അറിയിച്ചു. വിവാദം പുറം ലോകം അറിഞ്ഞതോടെ സിന്നറിനെതിരെയും ഫെഡറേഷനെതിരെയും നിരവധി താരങ്ങള്‍ രംഗത്ത് വന്നു.