ഐഎസ്എൽ2024 കിരീടത്തിനായുള്ള പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് മോഹൻ ബഗാൻ സൂപ്പർ ജയ്ന്റസും മുംബൈ സിറ്റി എഫ്‌സിയും.തിങ്കളാഴ്ച നടന്ന രണ്ടാം ഘട്ട സെമി പോരാട്ടത്തിൽ എഫ്‌സി ഗോവയെ മറികടന്ന് മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസൺ ഫൈനലിൽ സ്ഥാനം പിടിച്ചപ്പോൾ മെയ് 4 ന് നടന്ന സെമി ഫൈനലിൽ ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സും ഫൈനലിൽ സ്ഥാനം നേടുകയായിരുന്നു.ശക്തരായ രണ്ടുടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. മെയ് 4 ശനിയാഴ്ച കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിലാണ് ഫൈനൽ മത്സരം നടക്കുന്നത്.
ലീഗ് പോയിന്റ് പട്ടികയിൽ ഉയർന്ന റാങ്കുള്ള ഫൈനലിസ്റ്റാണ് അവസാന വേദി നിർണ്ണയിക്കുന്നതെന്ന് ഐഎസ്എൽ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒഡീഷ എഫ്‌സിക്കെതിരെയുള്ള വിജയത്തോടെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയതോടെ ഫൈനൽ മത്സരത്തിൻ്റെ ആതിഥേയ നഗരമായി കൊൽക്കത്ത ഉറപ്പിക്കുകയായിരുന്നു.മുംബൈ സിറ്റി എഫ്‌സിയും മോഹൻ ബഗാൻ സൂപ്പർ ജയൻ്റും തമ്മിലുള്ള ഈ സീസണിലെ മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഈ വരാനിരിക്കുന്ന ഫൈനൽ.എംബിഎസ്‌ജിക്കെതിരായ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി വിജയിച്ചപ്പോൾ, കൊൽക്കത്തയിൽ നടന്ന എവേ അവർ പരാജയം ഏറ്റുവാങ്ങിയിരുന്നു. ലീഗ് ഷീൽഡും നിർണ്ണയിച്ച സുപ്രധാന മത്സരമായിരുന്നു അത്.
ഐഎസ്എൽ 2023-24 ഫൈനലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വലിയ പ്രതീക്ഷയിലാണ് ഇരുടീമുകളുടേയും ആരാധകർ. മൂന്ന് സീസണുകൾക്ക് മുമ്പാണ് ഇരുവരും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്.അന്ന് മുംബൈ സിറ്റി എഫ്‌സി 2020-21 ലെ ഐഎസ്എൽ കപ്പ് സ്വന്തമാക്കുകയായിരുന്നു.നിലവിൽ ചാമ്പ്യന്മാരായ മോഹൻബഗാൻ കിരീടം നിലനിർത്താനായി കളത്തിറങ്ങുമ്പോൾ കിരീടം തിരിച്ചുപിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാകും മുംബൈ ഫൈനൽ പോരാട്ടത്തിൽ മാറ്റുരക്കുന്നത്.