മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു.റുതുരാജ് ഗെയ്ക്വാദിനെ നായകനാകുന്ന ടീമിൽ സമാപിച്ച ദുലീപ് ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് അവസരമില്ല.പകരം ഇഷാൻ കിഷനും ധ്രുവ് ജുറേലുമാണ് വിക്കറ്റ് കീപ്പർമാരായി ടീമിലിടംപിടിച്ചത്. രഞ്ജി ട്രോഫി ചാംപ്യൻമാരായ മുംബൈയുമായിട്ടാണ് ഇറാനി കപ്പിനായി റെസ്റ്റ് ഓഫ് ഇന്ത്യ ഏറ്റുമുട്ടുന്നത്.
റെഡ് ബോൾ ഫോർമാറ്റിലുള്ള ഈ സൂപ്പർ പോരാട്ടം അടുത്ത മാസം ഒന്നു മുതൽ അഞ്ചു വരെ ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.ദുലീപ് ട്രോഫി റെഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിലെ പ്രകടനം കൂടി പരിഗണിച്ചാണ് ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ ടീമുകൾക്കായി മൂന്നു റൗണ്ടുകളുടെ ടൂർണമെന്റിൽ തിളങ്ങിയ പലരും റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡിന്റെ ഭാഗമാണ്. റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ അഭിമന്യു ഈശ്വരനാണ്.
സമാപിച്ച ദുലീപ് ട്രോഫിയിൽ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് റണ്ണറപ്പായ ഇന്ത്യ സി ടീമിനെ നയിച്ചതും റുതുരാജായിരുന്നു. ടൂർണമെന്റിൽ ക്യാപ്റ്റൻസിക്കൊപ്പം ബാറ്റിങിലും അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു. ദുലീപ് ട്രോഫിയിൽ കസറിയ റിക്കി ഭൂയ്, ശശ്വത്ത് റാവത്ത്, സായ് സുദർശൻ, മാനവ് സുതർ, ദേവ്ദത്ത് പടിക്കൽ, മുകേഷ് കുമാർ എന്നിവരെല്ലാം റെസ്റ്റ്എന്തുകൊണ്ട് സഞ്ജുവില്ല?ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യർ നയിച്ച ഇന്ത്യ ഡി ടീമിനു വേണ്ടി രണ്ടു മൽസരങ്ങളിൽ വിക്കറ്റ് കാത്തത് സഞ്ജു സാംസണായിരുന്നു. നാലു ഇന്നിങ്‌സുകളിൽ നിന്നും 95.60 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ 196 റൺസും അദ്ദേഹം സ്‌കോർ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയുൾപ്പെടെയായിരുന്നു ഇത്.
ഇന്ത്യ ബിയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് മൽസരത്തിൽ ആദ്യ ഇന്നിങ്‌സിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറു നേട്ടം. 101 ബോളിൽ 12 ഫോറുകളും മൂന്നു സിക്‌സറുമടക്കം 106 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്. അതുകൊണ്ടു തന്നെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലേക്കും സഞ്ജു വിളി പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആരാധകരെ നിരാശരാക്കിക്കൊണ്ട് അദ്ദേഹം തഴയപ്പെടുകയായിരുന്നു.പകരം ഇഷാൻ കിഷനും ധ്രുവ് ജുറേലും വിക്കറ്റ് കീപ്പർമാരായി ടീമിലേക്കു വരികയും ചെയ്തു. ദുലീപ് ട്രോഫിയിൽ ഒരു സെഞ്ച്വറി കുറിച്ചിരുന്നെങ്കിലും സഞ്ജുവിനോളം റൺസ് ഇഷാൻ നേടിയിരുന്നില്ല.
നാലിന്നിങ്‌സുകളിൽ നിന്നും 33.50 ശരാശരിയിൽ 79.28 സ്‌ട്രൈക്ക് റേറ്റിൽ 134 റൺസാണ് അദ്ദേഹം നേടിയത്. എന്നിട്ടും സഞ്ജുവിനു പകരം ഇഷാന് നറുക്കുവീഴുകയായിരുന്നു.ജുറേലാവട്ടെ ദുലീപ് ട്രോഫിയിൽ ഒരു മൽസരം മാത്രമേ കളിച്ചിരുന്നുള്ളൂ. ഇതിൽ തിളങ്ങിയതുമില്ല. ഇപ്പോൾ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാണ് അദ്ദേഹം. ഇതിനിടെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ ജുറേലിനു സ്ഥാനം ലഭിച്ചിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള രണ്ടാംടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ ഇടം നേടിയില്ലെങ്കിൽ മാത്രമേ ജുറേൽ ഇറാനി കപ്പിൽ ടീമിനൊപ്പം ചേരുകയുള്ളൂ.
റെസ്റ്റ് ഓഫ് ഇന്ത്യ ടീം
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, റിക്കി ഭൂയ്, ശശ്വത്ത് റാവത്ത്, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മാനവ് സുതർ, സാരാൻഷ് ജെയിൻ, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്, രാഹുൽ ചാഹർ.