കൊല്‍ക്കത്ത: ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റൺസ് ജയം. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് നേടുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മഴമൂലം മത്സരം 16 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മുംബൈയുടെ മറുപടി എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 139 റണ്‍സില്‍ അവസാനിച്ചു.
വെങ്കടേഷ് അയ്യരുടെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായത്. 21 പന്തില്‍ 42 റണ്‍സാണ് വെങ്കടേഷ് അയ്യർ അടിച്ചെടുത്തത്. രണ്ട് സിക്‌സും ആറ് ഫോറും ഇതിൽ ഉള്‍പ്പെടുന്നു. നിതീഷ് റാണ (23 പന്തില്‍ 33), ആന്ദ്രെ റസ്സല്‍ (14 പന്തില്‍ 24), റിങ്കു സിങ് (12 പന്തില്‍ 20), രമണ്‍ദീപ് സിങ് (എട്ട് പന്തില്‍ 17) എന്നിവരും മികച്ച പ്രകടനം നടത്തി. മുംബൈക്കായി ജസ്പ്രീത് ബുംറ, പിയൂഷ് ചൗള എന്നിവര്‍ രണ്ടും അന്‍ഷുല്‍ കംബോജ്, നുവാന്‍ തുഷാര എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വിജയത്തിലേക്ക് കടക്കാനായില്ല. ടീം സ്‌കോര്‍ 65-ല്‍ നില്‍ക്കേയാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. കൊല്‍ക്കത്ത 40 റണ്‍സിനിടെത്തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. 22 പന്തില്‍ 40 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ആദ്യം പുറത്തായത്. പിന്നാലെ രോഹിത് ശര്‍മയും (24 പന്തില്‍ 19) പുറത്തായി.
17 പന്തില്‍ 32 റണ്‍സുമായി തിലക് വര്‍മ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും അവസാന ഓവറില്‍ പുറത്തായി. നാമന്‍ ധിര്‍ (ആറ് പന്തില്‍ 17), സൂര്യകുമാര്‍ യാദവ് (14 പന്തില്‍ 11), എന്നിവരും രണ്ടക്കം കടന്നു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തി. ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ എന്നിവരും രണ്ടുവീതം വിക്കറ്റുകള്‍ നേടി. സുനില്‍ നരെയ്‌ൻ ഒരുവിക്കറ്റ് പിഴുതു.