മുംബൈ: ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി രാജസ്ഥാൻ റോയൽസിന്റെ ജയം. 6 വിക്കറ്റിനാണ് റോയൽസിന്റെ ജയം. മുംബൈ മുന്നോട്ട് വെച്ച 126 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 15.3 ഓവറിൽ മറികടന്നു. ഐപിഎൽ സീസണിലെ മൂന്ന് മത്സരങ്ങളിൽ മുന്നും വിജയിച്ച് സഞ്ജുവും പിള്ളേരും കുതിച്ചു . മുൻനിര ബാറ്റർമാരെ ചെറിയ സ്കോറിൽ പുറത്താക്കാനായെങ്കിലും റോയൽസിന്റെ ജയം എതിർക്കാൻ മുംബൈ ബോളർമാർക്കു കഴിഞ്ഞില്ല. സീസണിൽ വിജയം മുൻ നിർത്തി തുടരുന്ന രാജസ്ഥാൻ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. സ്കോർ: മുംബൈ ഇന്ത്യൻസ് – 20 ഓവറിൽ 9ന് 125, രാജസ്ഥാൻ റോയൽസ് – 15.3 ഓവറിൽ 4ന് 127.
വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും അർധ സെഞ്ചറി നേടി ടീമിനെ ജയത്തിലെത്തിച്ച മധ്യനിര താരം റിയാൻ പരാഗാണ് (39 പന്തിൽ 54) രാജസ്ഥാന്റെ ടോപ് സ്കോറർ. ഇതോടെ റിയാൻ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന്റെ പുതിയ അവകാശിയായി. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്‌വാൾ (10), ജോസ് ബട്‌ലർ (13), സഞ്ജു സാംസൺ (12) എന്നിവരൊക്കെ പുറത്തായെങ്കിലും പരാഗിന്റെ ശ്രദ്ധയോടെയുള്ള ബാറ്റിങ് റോയൽസിനു തുണയായി. രവിചന്ദ്രൻ അശ്വിൻ (16), ശുഭം ദുബെ (8) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. മുംബൈക്കു വേണ്ടി ആകാശ് മധ്‌വാൾ 3 വിക്കറ്റു വീഴ്ത്തി.
14 പന്തിൽ 20 റൺസെടുത്ത ഇഷാൻ കിഷനെ നാന്ദ്രേ ബർഗർ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഇതോടെ മുംബൈ 4ന് 20 എന്ന നിലയിലേക്കു വീണു. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ, തിലക് വർമയ്ക്കൊപ്പം സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വൈകാതെ വീണു. ടീം സ്കോർ 100 തികയും മുൻപ് തിലക് വർമയും (29 പന്തിൽ 32) മടങ്ങി. വാലറ്റത്തിനൊപ്പം ടിം ഡേവിഡ് (24 പന്തിൽ 17) നടത്തിയ ചെറുത്തുനില്‍പാണ് ടീം സ്കോർ 100 കടത്തിയത്. പിയുഷ് ചൗള (3), ജെറാൾഡ് കോട്സീ (4), ജസ്പ്രീത് ബുമ്ര (8*), ആകാശ് മധ്‌വാൾ (4*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. റോയൽസിനു വേണ്ടി ബർഗർ രണ്ടും ആവേശ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.