ഐപിഎല്‍ ലേലം; അപ്രതീക്ഷിത എന്‍ട്രിയുമായി  ജയിംസ് ആന്‍ഡേഴ്‌സണ്‍

ഇതുവരെ ഐപിഎലില്‍ കളിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് താരം ജയിംസ് ആന്‍ഡേഴ്‌സനാണ് താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത 1574 താരങ്ങളിലെ ഒരു അപ്രതീക്ഷിത 'എന്‍ട്രി'.

author-image
Athira Kalarikkal
New Update
james anderson

James Anderson

ന്യൂഡല്‍ഹി : അടുത്ത വര്‍ഷത്തെ ഐപിഎലിനുള്ള താരലേലം 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കെ, രജിസ്റ്റര്‍ ചെയ്തവരില്‍ പ്രതീക്ഷിക്കാത്ത താരവും. ഇതുവരെ ഐപിഎലില്‍ കളിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് താരം ജയിംസ് ആന്‍ഡേഴ്‌സനാണ് താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത 1574 താരങ്ങളിലെ ഒരു അപ്രതീക്ഷിത 'എന്‍ട്രി'.

2011, 2012 സീസണുകളിലെ താരലേലത്തിന് സൂപ്പര്‍താരം റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്ന് ആരും വാങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് 42ാം വയസില്‍ ഐപിഎല്‍ അരങ്ങേറ്റത്തിനുള്ള ആന്‍ഡേഴ്‌സന്റെ ശ്രമം. 1.25 കോടി രൂപയാണ് ആന്‍ഡേഴ്‌സന്റെ അടിസ്ഥാന വില. 2014ലാണ് ആന്‍ഡേഴ്‌സന്‍ ഏറ്റവും ഒടുവില്‍ ട്വന്റി20 മത്സരം കളിച്ചതെന്നതും ശ്രദ്ധേയം.

1165 ഇന്ത്യന്‍ താരങ്ങളും 409 വിദേശ താരങ്ങളും അടക്കം ആകെ 1574 പേരാണ് ഇത്തവണ ലേലത്തിന് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 204 ഒഴിവുകളാണ് ടീമുകളിലായി ഉള്ളത്. ദക്ഷിണാഫ്രക്കയില്‍ നിന്നാണ്. 91 പേരാണ് ഇവിടെ നിന്നുള്ളത്. ഓസ്‌ട്രേലിയ  76, ഇംഗ്ലണ്ട്  52, ന്യൂസീലന്‍ഡ്  39, വെസ്റ്റിന്‍ഡീസ്  33, ശ്രീലങ്ക  29, അഫ്ഗാനിസ്ഥാന്‍  29, ബംഗ്ലദേശ്  13, നെതര്‍ലന്‍ഡ്‌സ്  12 എന്നിവരാണ് പിന്നാലെയുള്ളത്. ഇറ്റലി, യുഎഇ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബെന്‍ സ്റ്റോക്‌സാണ് ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന താരം. കായികക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ജോലിഭാരം ക്രമീകരിക്കുന്നതിനുമായാണ് സൂപ്പര്‍താരം ഇത്തവണ വിട്ടുനില്‍ക്കുന്നത്. താരലേലത്തില്‍ സ്ഥിരമായി കോടികള്‍ നേടുന്ന താരമാണ് സ്റ്റോക്‌സ്. കഴിഞ്ഞ സീസണില്‍ വന്‍തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കും ഇത്തവണ താരലേലത്തിനുണ്ട്. കൊല്‍ക്കത്ത 24.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സ്റ്റാര്‍ക്ക്, ഇത്തവണ 2 കോടി അടിസ്ഥാന വിലയിട്ടാണ് ലേലത്തിനെത്തുന്നത്. 2023 സീസണ്‍ മുതല്‍ പരുക്കുമൂലം ഐപിഎലില്‍ കളിക്കാത്ത ജോഫ്ര ആര്‍ച്ചറും 2 കോടി അടിസ്ഥാന വിലയ്ക്ക് ലേലത്തിനുണ്ട്.

ഐപിഎലിലെ സൂപ്പര്‍ താരങ്ങളെങ്കിലും കുറച്ചുകാലമായി അത്ര സജീവമല്ലാത്തവരും പരുക്കുമൂലം വിട്ടുനില്‍ക്കുന്ന ചിലരും ഇത്തവണ 2 കോടി രൂപ അടിസ്ഥാന വിലയിട്ട് ലേലത്തിന് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ദേശീയ ജഴ്‌സിയില്‍ കളിച്ചിട്ട് നാളുകളായെങ്കിലും 2 കോടി രൂപയാണ് അടിസ്ഥാന വില.

James Anderson IPL 2025